കെ എസ് യുവിലൂടെ രാഷ്ട്രീയത്തിലെത്തി, പരാജയങ്ങളിൽ പതറാതെ കോൺഗ്രസിന്‍റെ സമരമുഖമായി മാറിയ അഡ്വ. ബിന്ദു കൃഷ്ണയുടെ രാഷ്ട്രീയ ജീവിതം. കൊല്ലം ഡിസിസി പ്രസിഡന്‍റ് പദവി മുതൽ ഇടതുപക്ഷ കോട്ടയിൽ നേടിയ മിന്നുന്ന നിയമസഭാ വിജയം വരെയുള്ള അവരുടെ പോരാട്ടത്തിന്‍റെയും വിജയത്തിന്‍റെയും കഥയാണിത്.
കോണ്‍ഗ്രസിന്‍റെ വനിതാ നേതാക്കളിലെ സമര മുഖമാണ് അഡ്വ.ബിന്ദു കൃഷ്ണ. പതിനഞ്ചാം വയസില്‍ കെ എസ് യുവില്‍ തുടങ്ങിയ രാഷ്ട്രീയ ജീവിതം ഇന്ന് സംസ്ഥാന മന്ത്രിസഭയില്‍ എത്തി നില്‍ക്കുന്നു. ഇടതു പക്ഷത്തിന്‍റെ ഉരുക്കു കോട്ടയായ കൊല്ലത്ത് വിജയക്കൊടി പാറിച്ചാണ് ബിന്ദു കൃഷ്ണ നിയമസഭയുടെ പടി കയറുന്നത്. വിശ്രമം ഇല്ലാത്ത സംഘടനാ ജീവിതം. അണികളില്‍ ആവേശം നല്‍കുന്ന നേതൃ പാടവം. സംസ്ഥാന കോണ്‍ഗ്രസിന്‍റെ ചരിത്രത്തില്‍ അധ്യക്ഷ പദവിയില്‍ ഒരു ജില്ലയെ 5 വര്‍ഷം നിയിച്ച ഏക വനിതയാണ് അഡ്വ.ബിന്ദു കൃഷ്ണ.

1987ല്‍ കൊല്ലം എസ്.എന്‍ വനിതാ കോളേജില്‍ കെ.എസ്.യു യൂണിറ്റ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായാണ് സംഘടനാ യാത്ര ആരംഭിക്കുന്നത്. 2011ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലേറിയ നിയമസഭ തെരഞ്ഞെടുപ്പില്‍ ചാത്തന്നൂരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മാനന്തവാടിയില്‍ നിന്ന് ജയിച്ച പി.കെ ജയലക്ഷ്മിയായിരുന്നു മന്ത്രി സഭയിലെ ഏക വനിതാ സാന്നിധ്യം. അന്ന് ജയിച്ചിരുന്നെങ്കില്‍ ബിന്ദു കൃഷ്ണയും മന്ത്രിസഭയില്‍ ഉണ്ടാകുമായിരുന്നു. 2014ല്‍ ആറ്റിങ്ങലില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും സിപിഎമ്മിലെ എ.സമ്പത്തിനോട് പരാജയപ്പെട്ടു.
തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിട്ട ബിന്ദു കൃഷ്ണ സമര മുഖങ്ങളില്‍ പിന്‍മാറാത്ത പോരാളിയായി. മഹിളാ കോണ്‍ഗ്രസിന്‍റെ സംസ്ഥാന അധ്യക്ഷയായി പ്രവര്‍ത്തിച്ചു. തളര്‍ന്നു കിടന്ന കൊല്ലത്തെ കോണ്‍ഗ്രസിനെ നയിക്കാന്‍ ഡിസിസി പ്രസിഡന്‍റിന്‍റെ ചുമതലയും തേടിയെത്തി. ഇരിക്കാന്‍ കസേര പോലും ഇല്ലാതിരുന്ന ഓഫീസില്‍ നിന്ന് ആസ്ഥാന മന്ദിരം നിര്‍മ്മിച്ച് ജില്ലയിലെ പാര്‍ട്ടിക്ക് പുതുജീവന്‍ നല്‍കി. വേറിട്ട സമരങ്ങള്‍ സംഘടിപ്പിച്ച് ശ്രദ്ധ നേടി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് ആവശ്യപ്പെട്ട് പാര്‍ട്ടിയില്‍ നടന്ന കലഹം നാടകീയ രംഗങ്ങളിലേക്ക് നീങ്ങിയിരുന്നു.
പൊട്ടിത്തെറിയിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് മനസിലാക്കിയ നേതൃത്വം ഒടുവില്‍ കൊല്ലത്ത് ബിന്ദു കൃഷ്ണയെ തന്നെ മത്സരിപ്പിച്ചു. പക്ഷേ തോല്‍വിയായിരുന്നു ഫലം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ എം.മുകേഷ് 2072 വോട്ടിന്‍റെ ചെറിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു. എന്നാല്‍ പരാജയത്തില്‍ ബിന്ദു കൃഷ്ണ തളര്‍ന്നില്ല. മണ്ഡലത്തില്‍ ഓടി നടന്ന് പ്രവര്‍ത്തിച്ചു. എംഎല്‍എക്കെതിരായ സമരങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. 2026ലെ തെരഞ്ഞെടുപ്പില്‍ ജില്ലാ ആക്ടിംഗ് സെക്രട്ടറിയും
സംസ്ഥാന സമിതി അംഗവുമായി എസ്.ജയമോഹനെ കളത്തിലിറക്കിയാണ് സിപിഎം മണ്ഡലം നിലനിര്‍ത്താന്‍ ശ്രമിച്ചത്. എന്നാല്‍ 5 വര്‍ഷം കൊണ്ട് ഓരോ വീട്ടിലെയും അംഗമായി മാറാന്‍ കഴിഞ്ഞതിന്‍റെ ആത്മവിശ്വാസത്തില്‍ ബിന്ദു കൃഷ്ണ വീണ്ടും മത്സരിച്ചു.. യുഡിഎഫ് തരംഗത്തിനൊപ്പം വ്യക്തി ബന്ധങ്ങളുടെ കരുത്തില്‍ 16830 വോട്ടിൻ്റെ ഭൂരിപക്ഷത്തോടെ മിന്നുന്ന ജയം.
1972 മെയ് 24ന് ചാത്തന്നൂരിലാണ് ജനനം. കോണ്‍ഗ്രസിന്‍റെ പ്രാദേശിക നേതാവായിരുന്ന പി.സുകുമാരന്‍റെയും ബി.വസുമതിയുടെയും മകള്‍. എല്‍എല്‍എം യോഗ്യതയോടെ 15 വര്‍ഷം കൊല്ലം ബാറില്‍ അഭിഭാഷകയായി പ്രവര്‍ത്തിച്ചു. ടെലിവിഷന്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്‍റെ ശബ്ദമായി. തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറിയും അഭിഭാഷകനുമായ എസ്.കൃഷ്ണകുമാറാണ് ജീവിത പങ്കാളി. മകന്‍ ശ്രീകൃഷ്ണ കെ.എസ്.യു കൊല്ലം അസംബ്ലി ഭാരവാഹിയാണ്. നിലവില്‍ കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗവും എഐസിസി അംഗവുമാണ് ബിന്ദു കൃഷ്ണ.


