തൃശ്ശൂർ: ചാവക്കാട് നൗഷാദ് കൊലപാതകകേസ് അന്വേഷണത്തെ ചൊല്ലി ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ രൂക്ഷമായ വാക്പോര്. നൗഷാദിൻെറെ കൊലപാതകത്തിനു പിന്നില്‍ കോൺഗ്രസിന്‍റെ പങ്ക് സംശയിക്കുന്നതായി ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്‍റ് എ നാഗേഷ് ആരോപിച്ചു. ബിജെപി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു ടി എൻ പ്രതാപന്‍റെ പ്രതികരണം. 

ചാവക്കാട് കോൺഗ്രസ് നേതാവ് നൗഷാദിനെ കൊലപ്പെടുത്തിയിട്ട് 3 ആഴ്ച പിന്നിട്ടിട്ടും ഇതുവരെ പൊലീസ് പിടികൂടിയത് 2 പേരെ മാത്രമാണ്. അന്വേഷണത്തിലെ മെല്ലെപോക്കിനെതിരെ കോൺഗ്രസിന്‍റെ ഭാഗത്ത് നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നില്ലെന്നാണ് ബിജെപിയുടെ ആരോപണം. ലോക്സഭ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ വോട്ട് കിട്ടിയതിന്‍റെ പ്രത്യുപകാരമാണ് കോൺഗ്രസിന്‍റെയും ടി എൻ പ്രതാപൻ എംപിയുടെയും മൗനത്തിന് കാരണമെന്ന് ബിജെപി ജില്ല പ്രസിഡന്‍റ് എ നാഗേഷ് ആരോപിക്കുന്നു.

എന്നാല്‍ ആരോപണം കോണ്ഗ്രസ് തള്ളി. കൊലപാതകത്തിനു പിന്നില്‍ എസ്ഡിപിഐ തന്നെയാണെന്ന് കോണ്‍ഗ്രസ് പല വട്ടം പറഞ്ഞിട്ടുണ്ട്. ബിജെപി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നും ടി എൻ പ്രതാപൻ എംപി പ്രതികരിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ലെന്ന് നൗഷാദിൻറെ കുടുംബവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അടുത്ത ചൊവ്വാഴ്ച തൃശൂര്‍ ഡിസിസിയടെ നേതൃത്വത്തില്‍ ഐജി ഓഫീസ് മാര്‍ച്ച് നടത്തും. ഉമ്മൻ ചാണ്ടി ഉള്‍പ്പെടയുളള മുതിര്‍ന്ന നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുക്കും.