തൃശൂർ മറ്റത്തൂരിൽ 25 വർഷം നീണ്ട സിപിഎം ഭരണം അട്ടിമറിച്ചു. ബിജെപി നേതാവ് അതുൽ കൃഷ്ണയുടെ നേതൃത്വത്തിൽ കോൺഗ്രസ് അംഗങ്ങൾ ബിജെപിക്കൊപ്പം ചേർന്നതോടെയാണ് ഭരണം നഷ്ടമായത്. തന്റെ കമ്പനി പൂട്ടിച്ചതിലുള്ള പ്രതികാരമാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ.
തൃശൂർ: സിപിഎമ്മിന്റെ ദുർഭരണത്തിനെതിരെയുള്ള രഹസ്യനീക്കത്തിന്റെ ഫലമാണ് കോൺഗ്രസ് അംഗങ്ങൾ ബിജെപിക്കൊപ്പം ചേർന്നതെന്ന് നീക്കത്തിന് ചുക്കാൻ പിടിച്ച ബിജെപി നേതാവ് അതുൽ കൃഷ്ണ. രഹസ്യമായിട്ടായിരുന്നു നീക്കം. വോട്ടെടുപ്പിന് തൊട്ടുമുമ്പ് മാത്രമാണ് എല്ലാവരും ഇക്കാര്യം അറിഞ്ഞത്. അതുവരെ രഹസ്യമാക്കി വെച്ചു. ബിജെപിയുടെ ജില്ലാ, മണ്ഡലം നേതൃത്വത്തിന്റെ മുൻകൈയിലാണ് കൂറുമാറ്റം സാധ്യമാക്കിയതെന്നും അതുൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മറ്റത്തൂരിൽ 25 വർഷമായി സിപിഎമ്മാണ് ഭരിക്കുന്നത്. അതിൽ കഴിഞ്ഞ അഞ്ച് വർഷം മോശം ഭരണമായികുന്നു. അഴിമതി, സ്വജനപക്ഷപാതം, ഗ്രൂപ് പോര് എന്നിവയായിരുന്നു മുഖമുദ്ര. അഞ്ച് പേരുടെ കിരാത ഭരണമായിരുന്നു. കഴിഞ്ഞ തവണത്തെ പ്രതിപക്ഷ നേതാവായിരുന്ന ഔസേപ്പായിരുന്നു ഇക്കുറി സിപിഎമ്മിന്റെ പ്രസിഡന്റ് സ്ഥാനാർഥി. കോൺഗ്രസ് വിമതനായ ഔസേപ്പിനെ 15 ലക്ഷം രൂപ കൊടുത്ത് പർച്ചേസ് ചെയ്യുകയായിരുന്നു.
സിപിഐക്കെതിരെയാണ് ഇയാൾ മത്സരിച്ചത്. സിപിഎമ്മിനെ മാറ്റി നിർത്തണമെങ്കിൽ ഒരുസ്വതന്ത്ര ഭരണം വേണമെന്ന ആവശ്യമുയർന്നു. ഔസേപ്പിനെ പർച്ചേസ് ചെയ്തപ്പോഴാണ് ബിജെപി നീക്കം തുടങ്ങിയതെന്നും അതുൽ പറഞ്ഞു. നേരത്തെ അതുലിന്റെ കമ്പനി ലൈസൻസ് പ്രശ്നവുമായി ബന്ധപ്പെട്ട് സിപിഎം ഭരണസമിതി പൂട്ടിച്ചിരുന്നു. മറ്റത്തൂരിലെ വ്ലോഗറും കൂടിയാണ് ബിജെപി പ്രവർത്തകനായ അതുൽ. പഞ്ചായത്ത് ഭരണത്തിനെതിരെ നിരവധി ആരോപണങ്ങൾ അതുൽ ഉന്നയിച്ചിരുന്നു. ഇത്തവണ ബിജെപി ടിക്കറ്റിൽ മത്സരിച്ച് മെമ്പറായി. മറ്റത്തൂരിൽ അതുലിന്റെ പ്രതികാരമെന്നാണ് സോഷ്യൽമീഡിയയിൽ അഭിപ്രായമുയരുന്നത്.
