Asianet News MalayalamAsianet News Malayalam

ചായക്കട തകര്‍ത്തു, പൊലീസിന് നേരെ കല്ലേറ്; ആലപ്പുഴയില്‍ വ്യാപക ആക്രമണം അഴിച്ച് വിട്ട് ബിജെപി

ഹരിപ്പാട്ടും മാവേലിക്കരയിലും വലിയ സംഘര്‍ഷങ്ങളാണ് ഉണ്ടായത്. പൊലീസിന് നേരെ കല്ലെറിഞ്ഞും വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചം ബി ജെ പി പ്രവര്‍ത്തകര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

bjp protest in alappuzha on sabarimala issue
Author
Alappuzha, First Published Jan 2, 2019, 3:59 PM IST

ആലപ്പുഴ: ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ ജില്ലയില്‍ നടത്തിയ പ്രതിഷേധം പലയിടത്തും അക്രമാസക്തമായി. ഹരിപ്പാട്, അമ്പലപ്പുഴ, ചേര്‍ത്തല, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. വഴിയോരകച്ചവടക്കാരെപ്പോലും ഇവര്‍ വെറുതെവിട്ടില്ല. നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തതോടെ നാട്ടില്‍ ഹര്‍ത്താലിന്റെ പ്രതീതിയായി. 

ഹരിപ്പാട്ടും മാവേലിക്കരയിലും വലിയ സംഘര്‍ഷങ്ങളാണ് ഉണ്ടായത്. പൊലീസിന് നേരെ കല്ലെറിഞ്ഞും വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചം ബി ജെ പി പ്രവര്‍ത്തകര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.  മാവേലിക്കരയില്‍ ചായക്കട നടത്തിയിരുന്ന പളനിയെ ഇവര്‍ വളഞ്ഞിട്ട് ആക്രമിച്ചു. സാധനങ്ങള്‍ റോഡിലേയ്ക്ക് വലിച്ചെറിഞ്ഞാണ് പ്രവര്‍ത്തകര്‍ കലി തീര്‍ത്തത്. അക്രമം തടയാന്‍ ശ്രമിച്ച ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും സാരമായി പരിക്കേറ്റു. 

ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അതേ സമയം ആലപ്പുഴ നഗരത്തിലും പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. ഇരുമ്പുപാലത്തിന് സമീപം ബി ജെ പി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ഇവരെ പിന്നീട് പൊലീസ് അറസ്റ്റുചെയ്തു നീക്കി. ചെങ്ങന്നൂരിലും സമാനമായ സംഭവങ്ങള്‍ തന്നെയാണ് അരങ്ങേറിയത്. 

ശബരിമലയിലെ പ്രവേശന കവാടമായ ഇവിടെ കനത്ത പൊലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശബരിമല ദര്‍ശനം നടത്തുന്ന ഭക്തരെ കനത്ത സുരക്ഷയോടുകൂടിയാണ് പൊലീസ് കടത്തിവിടുന്നത്. ഇവിടേയും കരിങ്കൊടിയും പ്രകടനങ്ങളുമായി ബി ജെ പിയും ശബരിമല സംരക്ഷണ സമിതി പ്രവര്‍ത്തകരും വന്‍ പ്രക്ഷോഭങ്ങളാണ് നടത്തുന്നത്. പ്രതിഷേധക്കാര്‍  നിര്‍ബന്ധിച്ച് കടയടപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് വ്യാപാരികള്‍ക്കിടയിലുള്ളത്. 

പലയിടങ്ങളിലും പ്രതിഷേധക്കാര്‍ നിര്‍ബന്ധിച്ച് കടയടപ്പിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. നാളെ നടക്കുന്ന ഹര്‍ത്താലില്‍ തങ്ങള്‍ പങ്കെടുക്കില്ലെന്നാണ്‌ വ്യപാരി സമൂഹം പറയുന്നത്. പ്രതിഷേധവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നൂറുകണക്കിന് ബി ജെ പി പ്രവര്‍ത്തകരാണ് അറസ്റ്റിലായിരിക്കുന്നത്. പ്രതിഷേധവും അക്രമവും കണക്കിലെടുത്ത് ശക്തമായ പൊലീസ് കാവലാണ് ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios