കോഴിക്കോട്: സംസ്ഥാന പാതയിലാകെ ദുർഗന്ധം പരത്തുന്ന മലിന്യം ഒഴുക്കിയ  അറവു മാംസ മാലിന്യം ശേഖരിക്കുന്ന വാഹനം നാട്ടുകാർ തടഞ്ഞു. താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് ക്കട്ട് എന്ന സ്ഥാപനത്തിൻ്റെ വാഹനമാണ്  താമരശ്ശേരി കുടുക്കിൽ ഉമ്മരത്ത് വെച്ച് നാട്ടുകാർ  തടഞ്ഞത്. 

വാഹനം കടന്നുപോയ വഴിനീളെ മാലിന്യത്തിൽ നിന്നും രക്തമടക്കമാണ് റോഡിലൂടെ ഒഴുക്കിയത്. കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിലാണ് സംഭവം. മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കുടുക്കിൽ ഉമ്മരത്ത് വാഹനം തടഞ്ഞ് പോലീസിനേയും, ആരോഗ്യ വകുപ്പ് അധികൃതരേയും വിവരമറിയിക്കുകയായിരുന്നു.

താമരശ്ശേരി സബ് ഇൻസ്പെക്ടർ ശ്രീജേഷിൻ്റെ നേതൃത്വത്തിൽ എത്തിയ പോലീസ് വാഹനത്തിന് പിഴ ചുമത്തി. താമരശ്ശേരി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രമേഷിൻ്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ ആരോഗ്യവകുപ്പ് അധികൃതർ കേസെടുത്തു. ടാങ്കറിൽ വെള്ളമെത്തിച്ചാണ്  വാഹനം നിർത്തിയ സ്ഥലം കഴുകി വൃത്തിയാക്കിയത്. ടാപ്പിൽ നിന്നും വെള്ളം ഒഴുക്കിവിടുന്നതിന് സമാനമായാണ് വാഹത്തിൽ നിന്നും റോഡിൽ മാലിന്യം ഒഴുക്കിവിട്ടതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona