അപകടത്തിൽ കാണാതായ പ്രദീപിനായി പൊലീസും നാട്ടുകാരും സ്കൂബാ ടീമും തെരച്ചിൽ തുടരുകയാണ്.

തൃശൂർ: കൊടുങ്ങല്ലൂർ കോട്ടപ്പുറം കാഞ്ഞിരപ്പുഴയിൽ മണൽ വാരുന്നതിനിടെ വഞ്ചി മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മേത്തല പടന്ന സ്വദേശി പാലക്കപറമ്പിൽ സന്തോഷിന്‍റെ (38) മൃതദേഹമാണ് കണ്ടെത്തിയത്, അപകടം നടന്ന സ്ഥലത്ത് തന്നെയാണ് മൃതദേഹവും കണ്ടെത്തിയത്. അപകടത്തിൽ കാണാതായ പ്രദീപിനായി പൊലീസും നാട്ടുകാരും സ്കൂബാ ടീമും തെരച്ചിൽ തുടരുകയാണ്.

കോട്ടപ്പുറം കോട്ട കായൽ ഭാഗത്താണ് അപകടം നടന്നത്. പടന്ന സ്വദേശികളായ തൊഴിലാളികളായ സന്തോഷ്, പ്രദീപൻ എന്നിവരെയാണ് കാണാതായത്. വഞ്ചിയിൽ ഇവരോടൊപ്പം ഉണ്ടായിരുന്ന അജേഷ്, ബൈജു എന്നിവർ നീന്തി രക്ഷപ്പെട്ടു. 

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ശക്തമായ കാറ്റും മഴയും ആണ് വഞ്ചി മറിയാൻ കാരണം. കൊടുങ്ങല്ലൂർ പൊലീസും അഴീക്കോട് തീരദേശ പൊലീസും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. സ്‌കൂബ ടീമും സ്ഥലത്തെത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം