അച്ചൻകോവിലാറ്റിൽ പത്തനംതിട്ട കല്ലറകടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹവും കണ്ടെത്തി.

പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ പത്തനംതിട്ട കല്ലറകടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹവും കണ്ടെത്തി. സന്നദ്ധ സംഘടനയായ നന്മ കൂട്ടം നടത്തിയ തെരച്ചിലിലാണ് ഒമ്പതാം ക്ലാസ് വിദ്യാർ്ഥിയായ നബീൽ നിസാമിന്‍റെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടത്. ഇതിൽ അജ്സൽ അജീബിന്‍റെ മൃതദേഹം അന്ന് തന്നെ ഫയർഫോഴ്സ് കണ്ടെത്തിയിരുന്നു. പത്തനംതിട്ട മാർത്തോമ്മ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ ഇരുവരും പരീക്ഷ കഴിഞ്ഞ് കൂട്ടുകാർക്കൊപ്പമാണ് കല്ലറകടവിലെത്തിയത്. തുടർന്ന് ഫോട്ടോയും മറ്റും എടുക്കാൻ നിൽക്കുമ്പോൾ തടയണയുടെ ഭാഗത്ത് കാൽവഴുതി വീഴുകയായിരുന്നു.