കാശ് ചോദിച്ചപ്പോൾ കൈമലർത്തി പാർട്ടിയും, നാളെ നാളെ നീളെ നീളെ! രമേശിന്‍റെയും നഞ്ചിയമ്മയുടെയും കണ്ണീര് കാണണം
മഴപെയ്താൽ ചോരുന്ന പാടിയിലെ ഒറ്റമുറി വീട്ടിലാണ് താമസം. എൺപത് കഴിഞ്ഞ അമ്മയുടെ സ്വപ്നമാണ് വീട്. നിപേക്ഷം തിരികെ തരുന്നില്ലെന്നാണ് ഇവര്‍ പരാതി ഉന്നയിക്കുന്നത്
വയനാട്: വീടുപണിക്ക് കരുതിയ പണം ബ്രഹ്‌മഗിരി ഡെവലപ്മെന്‍റ് സൊസൈറ്റിയിൽ നിക്ഷേപിച്ചയാളാണ് ചുണ്ടേൽ സ്വദേശി രമേശ്. പാടിയിലെ ദുരിതം തളംകെട്ടി നിൽക്കുന്ന ഒറ്റമുറിക്കൂരയിൽ ആണ് ഇപ്പോൾ രമേശിന്‍റെ താമസം. നിക്ഷേപത്തുക തിരികെ ചോദിക്കുമ്പോൾ പാർട്ടിയും ഒഴികഴിവ് പറഞ്ഞതിനാൽ വീടെന്ന സ്വപ്നം ഇനിയും പൂവണിഞ്ഞിട്ടില്ല. വീടുപണിക്കുള്ള പണം ബ്രഹ്മഗിരിയിലിട്ടു. ഇപ്പോൾ, പലിശയില്ല, മുതലില്ല, വീടുമായില്ല എന്ന അവസ്ഥയിലാണ് രമേശിന്‍റെ ജീവിതം.
മഴപെയ്താൽ ചോരുന്ന പാടിയിലെ ഒറ്റമുറി വീട്ടിലാണ് താമസം. എൺപത് കഴിഞ്ഞ അമ്മയുടെ സ്വപ്നമാണ് വീട്. നിപേക്ഷം തിരികെ തരുന്നില്ലെന്നാണ് ഇവര്‍ പരാതി ഉന്നയിക്കുന്നത്. മകൻ മറുനാട്ടിൽ അധ്വാനിച്ചുണ്ടാക്കിയ പണം തിരികെ കിട്ടുമോ എന്നാണ് രമേശിന്‍റെ അമ്മ നഞ്ചി ചോദിക്കുന്നത്. രമേശനോട് ബ്രഹ്മഗിരിയില്‍ നിക്ഷേപിക്കാൻ പറഞ്ഞത് സിപിഎം പ്രവർത്തകനായ സുഹൃത്താണ്. ബംഗളൂരുവിൽ പണിയെടുത്ത്, വീടുവയ്ക്കാനായി സ്വരൂക്കൂട്ടിയ തുകയാണ് ബ്രഹ്മഗിരി ഡെവലെപ്മെൻറ് സൊസൈറ്റിയിൽ നിക്ഷേപിച്ചത്.
2021 ഒക്ടോബറിൽ രണ്ട് ലക്ഷം, 2022 ഏപ്രിൽ, മെയ് മാസങ്ങളിലായി എട്ട് ലക്ഷവുമാണ് നിക്ഷേപിച്ചത്. ആദ്യം പലിശ മുടങ്ങി. ഇപ്പോൾ പലിശയുമില്ല മുതലുമില്ല. എന്ന് പണം കിട്ടുമെന്ന് പോലും ഒരു നിശ്ചവുമില്ല. നാളെ നാളെ നീളെ നീളെ എന്ന മറുപടി മാത്രമാണ് തിരികെ കിട്ടുന്നത്. രമേശനെ പോലെ ഒരുപാട് പേർ ദുരതിക്കയത്തിലാണ്. ഇത്രയും നാൾ പാർട്ടിയെ വിശ്വസിച്ച് മിണ്ടാതിരുന്ന നിക്ഷേപകർ ഗതികേട് കൊണ്ട് പരസ്യമായി രംഗത്തെമ്പോൾ സിപിഎം നേതൃത്വം പ്രതിരോധത്തിലും പ്രതികൂട്ടിലുമാണ്. അതേസമയം, സിപിഎം നിയന്ത്രണത്തിൽ വയനാട് ആസ്ഥാനമായുള്ള ബ്രഹ്മഗിരി ഡെവലെപ്മെന്റ് സൊസൈറ്റിയിലെ നിക്ഷേപകർ പരസ്യപ്രതിഷേധത്തിലാണ്.
കോർപറേറ്റ് സംരംഭങ്ങൾക്ക് ബദലായി കർഷകരുടെ നേതൃത്വത്തിലാണ് ബ്രഹ്മഗിരി ഡെവലെപ്മെൻറ് സൊസൈറ്റിയുടെ തുടക്കം. എന്നാൽ, രണ്ടുവർഷമായി സൊസൈറ്റി വൻ സാമ്പത്തിക പ്രതിസന്ധിയിലാണ്. ചെറുതും വലുതുമായി പാർട്ടി പ്രവർത്തകരിൽ നിന്നും പാർട്ടി അനുഭാവികളായ സർവീസ് പെൻഷനേഴ്സിൽ നിന്നും വാങ്ങിയ നിക്ഷേപത്തിൻ്റെ മുതലും പലിശയും മുടങ്ങി. തൊഴിലാളികളുടെ കൂലി തെറ്റി. കേരള ചിക്കൻ പദ്ധതിയിൽ ഉൾപ്പെട്ട കർഷകരോടു കടം പറയേണ്ട അവസ്ഥയിലെത്തി. ബാങ്ക് ലോണുകളുടെ തിരിച്ചടവും താളംതെറ്റി. എല്ലാവരും പ്രതീക്ഷയോടെ കണ്ട സ്ഥാപനത്തിന് ഇപ്പോഴുള്ളത് ബാധ്യതാ സൊസൈറ്റിയെന്ന മേൽവിലാസം മാത്രമാണ്.