Asianet News MalayalamAsianet News Malayalam

ഒരു സർട്ടിഫിക്കറ്റിന് വേണ്ടി നടത്തിച്ചത് 150 തവണ; ഒടുവിൽ കൈക്കൂലി വാങ്ങിയതിന് ഉദ്യോ​ഗസ്ഥൻ പിടിയിൽ

ഫെബ്രുവരിയിലാണ് ഉടമസ്ഥാവകാശം മാറ്റി കിട്ടുന്നതിനു വേണ്ടി നാട്ടകം സ്വദേശി അപേക്ഷ നൽകിയത്. ഇയാളുടെ അച്ഛന്റെയും മുത്തച്ഛന്റെയും പേരിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായിരുന്നു അപേക്ഷ.

bribe case kottayam municipality senior clerk
Author
Kottayam, First Published May 27, 2019, 10:55 AM IST

കോട്ടയം:12,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട സർക്കാർ ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ. കോട്ടയം നഗരസഭയുടെ നാട്ടകം മേഖലാ കാര്യാലയത്തിൽ റവന്യു ഇൻസ്പെക്ടറായ സീനിയർ ക്ലാർക്ക് എം ടി പ്രമോദാണ് കൈക്കൂലി കേസിൽ അറസ്റ്റിലായത്. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റി നൽകുന്ന സ‌ർട്ടിഫിക്കറ്റിന് വേണ്ടിയെത്തിയ നാട്ടകം സ്വദേശിയിൽ നിന്നുമാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. അപേക്ഷകന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു  ​ അറസ്റ്റ്.
 
ഫെബ്രുവരിയിലാണ് ഉടമസ്ഥാവകാശം മാറ്റി കിട്ടുന്നതിനു വേണ്ടി നാട്ടകം സ്വദേശി അപേക്ഷ നൽകിയത്. ഇയാളുടെ അച്ഛന്റെയും മുത്തച്ഛന്റെയും പേരിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായിരുന്നു അപേക്ഷ. കെട്ടിട കൈവശാവകാശ പത്രത്തിന് അപേക്ഷ നൽകിയാൽ 15 ദിവസത്തിനകം തീർപ്പ് കൽപ്പിക്കണമെന്നാണ് നിയമം. എന്നാൽ അപേക്ഷ നൽകി മൂന്ന് മാസം കഴിഞ്ഞിട്ടും നടപടികൾ ഒന്നും തന്നെ ഉദ്യോ​ഗസ്ഥരുടെ പക്ഷത്തുനിന്നും ഉണ്ടായില്ല. എന്നാൽ പ്രമോദിനെ വീണ്ടും സമീപിച്ച അപേക്ഷകനോട്  രേഖകൾ പാസാക്കി ഒപ്പിടണമെങ്കിൽ 12,000 രൂപ വേണമെന്ന്  ആവശ്യപ്പെടുകയായിരുന്നു. അപേക്ഷ സമർപ്പിക്കുമ്പോൾ സൂപ്രണ്ട് സരസ്വതിയ്‌ക്കായിരുന്നു ചുമതല.
 
സൂപ്രണ്ടും പ്രമോദും നേരിട്ടെത്തി സ്ഥലം പരിശോധിക്കണമെന്ന് പറഞ്ഞാണ് ആദ്യം അപേക്ഷ വൈകിപ്പിച്ചത്. എന്നാൽ ഇരുവരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സർട്ടിഫിക്കറ്റ് നൽകിയില്ല. തുടർന്നാണ് പ്രമോദ് കൈക്കൂലി ആവശ്യപ്പെട്ടത്. ഇതോടെ കോട്ടയം വിജിലൻസ് എസ്പി വി ജി വിനോദ് കുമാറിന് അപേക്ഷകൻ പരാതി നൽകി.150 തവണ കയറി ഇറങ്ങിയ ശേഷമാണ് 12,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതെന്ന് അപേക്ഷകൻ പറയുന്നു.

അപേക്ഷയിൽ ഒപ്പിട്ടതിനു ശേഷമാണ് വിജിലൻസ് സംഘം ഓഫീസിലെത്തിയത്. പരിശോധനയിൽ  നോട്ടുകൾ പിടിച്ചെടുക്കുകയും പിന്നീട് പ്രമോദിനെ അറസ്റ്റും ചെയ്തു. ഇയാൾ‌ ഇപ്പോൾ സബ് ജയിലിൽ റിമാൻഡിലാണ്. പ്രതി ചേർക്കപ്പെട്ട സൂപ്രണ്ട് സരസ്വതിയെ പ്രധാന ഓഫീസിലെ ആരോഗ്യ വിഭാഗത്തിലേയ്‌ക്ക് സ്ഥലം മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ അധ്യക്ഷ ഡോക്ടർ പി ആർ സോന അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios