റോബിൻ ഗിരീഷ് എന്നറിയപ്പെടുന്ന ബേബി ഗിരീഷിന്റെ മൂത്ത സഹോദരനായ ബേബി ഡിക്രൂസ് ആണ് പരാതി മുഖ്യമന്ത്രിക്ക് നൽകിയത്.
കോട്ടയം: റോബിൻ ബസ് ഉടമ ബേബി ഗിരീഷിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി മൂത്ത സഹോദരൻ. റോബിൻ ഗിരീഷ് എന്നറിയപ്പെടുന്ന ബേബി ഗിരീഷിന്റെ മൂത്ത സഹോദരനായ ബേബി ഡിക്രൂസ് ആണ് പരാതി മുഖ്യമന്ത്രിക്ക് നൽകിയത്. മൂത്ത സഹോദരനായ എന്നെ ഗിരീഷ് വര്‍ഷങ്ങളായി പീഡിപ്പിക്കുകയും അര്‍ഹമായ സ്വത്തുക്കളും വസ്തുക്കളും കയ്യടക്കി ജീവിക്കുകയും ചെയ്യുകയാണെന്നാണ് കത്തിലെ പ്രധാന ആരോപണം.
രോഗിയായ തന്റെ അമ്മയെ കാണാൻ പോലും കാണാൻ ഗിരീഷിന്റെ ഭീഷണി മൂലം സാധിച്ചില്ല. എന്റെ ഇളയ കുഞ്ഞുങ്ങൾ ഇതുവരെ അവരുടെ അമ്മാമ്മയെ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി ഇടപെട്ട് അമ്മയെ കാണാനുള്ള സൗകര്യം ഉണ്ടാക്കണമെന്നുമാണ് കത്തിന്റെ ആദ്യ ഭാഗത്ത് ആവശ്യപ്പെടുന്നത്. റോബിൻ ഗീരീഷിന്റെ നിരന്തരമായ ഉപദ്രവങ്ങളും പീഡനങ്ങളും ഭയന്ന് ഞാനും ഭാര്യയും നാല് കുഞ്ഞുങ്ങളും 20 വര്‍ഷമായി മാറി മാറി ഒളിവിലെന്ന പോലെയാണ് ജീവിക്കുന്നത്.
പ്രായമായ എന്റെ പിതാവിനെയും എന്നെയും ഗിരീഷ് വീട്ടിൽ നിന്ന് അടിച്ചിറക്കുകയായിരുന്നു. അഞ്ച് വര്‍ഷത്തോളം വിവിധ വാടകവീടുകളിൽ മാറി മാറി താമസിച്ച് വരവെയാണ് എന്റെ പിതാവ് മരിച്ചത്. തൊട്ടുമുമ്പ് താമസിച്ച വീട്ടിലെത്തി, കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ഭീഷണിപ്പെടുത്തുകയും ഫോട്ടോ എടുക്കുകയും ചെയ്തു.
തുടര്‍ന്ന് പുത്തൻകുരുശ്ശ് പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. ഇപ്പോഴും ഭീഷണി ഭയന്നാണ് ജീവിക്കുന്നത്. മുഖ്യമന്ത്രി ഇടപെട്ട് ഞങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കണമെന്ന് അപേക്ഷിക്കുന്നതായും കത്തിൽ ബേബി ഡിക്രൂസ് ആവശ്യപ്പെടുന്നു. പിതാവിന് ഗിരീഷിൽ നിന്ന് പൊലീസ് സംരക്ഷണം നൽകിയ ഉത്തരവിന്റെ പകര്‍ക്കും കത്തിനൊപ്പം ഡിക്രൂസ് ചേര്‍ത്തിട്ടുണ്ട്.
റോബിൻ ബസ് സര്‍വീസുമായി ബന്ധപ്പെട്ടാണ് റോബിൻ ഗിരീഷ് എന്ന ബേബി ഗിരീഷ് വാര്‍ത്തകളിൽ നിറയുന്നത്. ഓൾ ഇന്ത്യ പെര്‍മിറ്റ് എടുത്ത് ബോര്‍ഡ് വച്ച് സ്റ്റാൻഡുകളിൽ നിന്ന് ആളെ കയറ്റി സര്‍വീസ് നടത്തിയ റോബിനെതിരെ പലവട്ടം എംവിഡി നടപടി എടുത്തിരുന്നു. കോൺട്രാക്ട് കാരേജ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് കാരേജ് ആയി ഉപയോഗിച്ച് പെര്‍മിറ്റ് ചട്ടലംഘനം നടത്തിയെന്ന് കാണിച്ചായിരുന്നു എംവിഡി നടപടി.
