മോട്ടോറിന്റെ സഹായത്തോടെ വാഹനം കഴുകുന്നതിനിടെ കംപ്രസറില്‍ നിന്ന് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഇരുവരും കാറിന്റെ മറവിലാണ് വീണുകിടന്നിരുന്നത്

ആലപ്പുഴ: വാഹനം കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റ് സഹോദരങ്ങള്‍ മരിച്ചു. ആലപ്പുഴ എ എന്‍ പുരം വാര്‍ഡില്‍ ചിറ്റാറ്റില്‍ വീട്ടില്‍ പരേതനായ ബാലകൃഷ്ണ പിള്ളയുടെ മക്കളായ അനില്‍ കുമാര്‍ (51), മനോജ് കുമാര്‍ (43) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.

മരിച്ച അനില്‍ വീടിനോട് അനുബന്ധിച്ച് നടത്തിയിരുന്ന വാഹന സര്‍വീസ് സ്‌റ്റേഷനില്‍ നിന്നാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. മോട്ടോറിന്റെ സഹായത്തോടെ വാഹനം കഴുകുന്നതിനിടെ കംപ്രസറില്‍ നിന്ന് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഇരുവരും കാറിന്റെ മറവിലാണ് വീണുകിടന്നിരുന്നത്.

സമീപത്തെ അമ്പലത്തില്‍ നിന്ന് പറയെടുക്കുന്നതിന് എത്തിയ ഭാരവാഹികളാണ് ഇരുവരെയും ആദ്യം കണ്ടത്. ഉടന്‍ ബന്ധുക്കളെയും മറ്റ് നാട്ടുകാരെയും കെഎസ്ഇബി അധികൃതരെയും വിവരമറിയിച്ചു. അപ്പോള്‍ തന്നെ ലൈന്‍മാനെത്തി ലൈന്‍ ഓഫ് ചെയ്തതിന് ശേഷമാണ് ഇരുവരെയും ജില്ലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്.

അനന്തരവന്‍ മണികണ്ഠനാണ് ആശുപത്രിയിലെത്തിച്ചത്. ഈ സമയം അനില്‍കുമാറിന് ജീവന്‍ ഉണ്ടായിരുന്നുവെന്ന് നാട്ടുകാരനായ രംഗനാഥ് പറഞ്ഞു. മനോജ് മരിച്ചിരുന്നു. മനോജ് കൊല്ലത്ത് മെഡിക്കല്‍ റെപ്രസന്റേറ്റീവായി ജോലി നോക്കുകയായിരുന്നു. കഴിഞ്ഞദിവസമാണ് വീട്ടിലെത്തിയത്. മനോജ് അവിവാഹിതനാണ്.