Asianet News MalayalamAsianet News Malayalam

'വിയറ്റ്നാം കോളനി' സിനിമയിലെ കെട്ടിടങ്ങളിലൊന്നിന്‍റെ മേൽക്കൂര മഴയിൽ വീണു

ഇരുമ്പു ജോണും വട്ടപ്പള്ളിയും മൂസാ സേട്ടും പട്ടാളം മാധവിയമ്മയുമൊക്കെ നിറഞ്ഞുനിന്ന തെരുവിലെ കെട്ടിടങ്ങളിലൊന്നാണിത്

building in Vietnam Colony Movie collapsed
Author
Alappuzha, First Published Jul 8, 2020, 10:38 PM IST

ആലപ്പുഴ: വിയറ്റ്നാം കോളനി സിനിമയുടെ പ്രധാന ഷൂട്ടിങ് ലൊക്കേഷനായ ആലപ്പുഴ സിവിൽ സ്റ്റേഷൻ വാർഡിലെ പഴയ ഗുജറാത്തി കെട്ടിടങ്ങളിലൊന്നിന്റെ മേൽക്കൂര കഴിഞ്ഞയാഴ്ചത്തെ മഴയിൽ വീണു. ഇരുമ്പു ജോണും വട്ടപ്പള്ളിയും മൂസാ സേട്ടും പട്ടാളം മാധവിയമ്മയുമൊക്കെ നിറഞ്ഞു നിന്ന ഇവിടം ഇനി ഓര്‍മ്മകളില്‍ മാത്രമാകുമോ എന്നാണ് സിനിമാപ്രേമികള്‍ ഉറ്റുനോക്കുന്നത്. 

നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടം മോശം അവസ്ഥയിലാണിപ്പോൾ. ബ്രിട്ടിഷുകാരുടെ കൈവശമുണ്ടായിരുന്നതാണ് സിവിൽ സ്റ്റേഷൻ വാർഡിലെ ഇപ്പോഴത്തെ മിലിറ്ററി കാന്റീൻ ഉൾപ്പെടുന്ന കെട്ടിടങ്ങൾ. ഇവ കച്ചിമേമൻ വിഭാഗത്തിൽപ്പെട്ടവർ വാങ്ങി. അവരിൽ നിന്ന് ഗുജറാത്തി ജൈന വിഭാഗവും വൈഷ്ണവ വിഭാഗവും ചേർന്ന് വ‍ിലയ്ക്കെടുക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. സനാതൻ വൈഷ്ണവ് മഹാന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഭാഗങ്ങളിലാണ് 28 വർഷം മുൻപ് ‘വിയറ്റ്നാം കോളനി’ ചിത്രീകരിച്ചത്. ഇതിന്റെ തുടർച്ചയായുള്ള കെട്ടിടങ്ങൾ ജൈന ടെംപിൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇപ്പോൾ തകർന്നു വീണ കെട്ടിടത്തിന്റെ ഒരു ഭാഗവും സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

കെട്ടിടത്തിന്റെ ഉടമസ്ഥരായ ജൈന ടെംപിൾ ട്രസ്റ്റിൽ അംഗങ്ങളായ 10 കുടുംബങ്ങളാണ് ഇപ്പോൾ ആലപ്പുഴ നഗരത്തിൽ ഉള്ളത്. കെട്ടിടത്തിന്റെ വാടകക്കാരുമായി കെട്ടിടം അറ്റകുറ്റപ്പണി നടത്തുന്നത് സംബന്ധിച്ചു ചർച്ച നടത്തുകയാണ്. 

ആലപ്പുഴയുടെ മുഖമുദ്രയായ പൈതൃക മന്ദ‍ിരം ആലപ്പുഴ പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ടി. എം. തോമസ് ഐസക്കിനു നിവേദനം നൽകാന്‍ ഒരുങ്ങുകയാണ് സിവിൽ സ്റ്റേഷൻ വാർഡ് കൗൺസിലർ എ എം നൗഫൽ. കെട്ടിടം പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് പദ്ധതിയുടെ പ്രവർത്തകരും മന്ത്രി തോമസ് ഐസക്കും ജൈന ടെംപിൾ ട്രസ്റ്റുമായി നേരത്തെ ചർച്ച നടത്തിയിരുന്നു. എന്നാൽ, കെട്ടിടത്തിൽ വാടകക്കാർ കഴിയുന്നതിനാൽ തൽക്കാലം പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട എന്നതായിരുന്നു ഉടമസ്ഥരുടെ നിലപാട്.

Read more: ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന; ദമ്പതികള്‍ ഇത്തവണയും പതിവ് മുടക്കിയില്ല

Follow Us:
Download App:
  • android
  • ios