മർദ്ദനമേറ്റ രഞ്ജിത്ത് ബൈക്കിന്റെ പിന്നിൽ കയറി പോകാൻ ശ്രമിച്ചപ്പോൾ കൂട്ടത്തിലുള്ള ഒരാൾ വലിച്ചു താഴെയിട്ട് മർദ്ദിച്ചതായും പൊലീസ്
ആലപ്പുഴ: നൂറനാട് ഉളവുക്കാട്ട് വാടക വീട്ടിൽ തമ്പടിച്ചിരുന്ന സംഘം തമ്മിലടിച്ചതിനെ തുടര്‍ന്ന് മര്‍ദ്ദനമേറ്റ് യുവാവ് മരിച്ചു. സ്വകാര്യ ബസ് ഡ്രൈവർ വള്ളികുന്നം വട്ടയ്ക്കാട് സ്വദേശി കിളി എന്നു വിളിക്കുന്ന രഞ്ജിത്ത് (34) ആണ് മരിച്ചത്. സംഘത്തിലുള്ള മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വള്ളികുന്നം കണ്ണനാകുഴി സ്വദേശി സുനിൽ കുമാർ, വള്ളികുന്നം സ്വദേശി ശ്രീരാജ്, കാഞ്ഞിരത്തുംമൂട് സ്വദേശി സനു എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍നിന്ന് വാറ്റ് ചാരായവും, ബൈക്കുകളും, മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. സംഘത്തിലുണ്ടായിന്ന താമരക്കുളം സ്വദേശി ഷാനുവിനായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഉളവുക്കാട് എൻജിനീയറിംഗ് കോളേജിനടുത്തായി സുനിൽ വാടകയ്ക്കെടുത്ത് ഭാര്യയ്ക്കൊപ്പം താമസിച്ച വന്ന വീട്ടിൽ വച്ച് വ്യാഴാഴ്ച വൈകിട്ട് 3.30നായിരുന്നു സംഭവം. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ സുനിലിന്റെ ഭാര്യ വീട്ടിലില്ലായിരുന്നു. ഉച്ച മുതൽ തന്നെ സംഘം വീട്ടിൽ തമ്പടിച്ചിരുന്നു. മദ്യലഹരിയിലായിരുന്ന ഇവർ തമ്മിൽ വഴക്കും തമ്മിലടിയും ഉണ്ടായതായി പൊലീസ് പറഞ്ഞു.
മർദ്ദനമേറ്റ രഞ്ജിത്ത് ബൈക്കിന്റെ പിന്നിൽ കയറി പോകാൻ ശ്രമിച്ചപ്പോൾ കൂട്ടത്തിലുള്ള ഒരാൾ വലിച്ചു താഴെയിട്ട് മർദ്ദിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നൂറനാട് പൊലീസ് എത്തിയപ്പോഴേക്കും രഞ്ജിത്ത് മരിച്ചിരുന്നു.
മുഖത്തും, തലയ്ക്കും, ശരീരഭാഗങ്ങിലും മർദ്ദനമേറ്റതിന്റെയും പാടുകളുണ്ട്. രഞ്ജിത്ത് വീണു കിടന്ന സ്ഥലത്ത് രക്ത ഒലിച്ചിറങ്ങിയിട്ടുണ്ട്. മതിലിലും രക്തം തെറിച്ചതിന്റെ പാടുകളുണ്ട്. വാടക വീട് കേന്ദ്രീകരിച്ച് മദ്യക്കച്ചവടം നടത്തി വന്നതായും ദിവസേന രാത്രിയിലും പകലും ബൈക്കുകളിലും കാറുകളിലും സന്ദർശകർ എത്തിയിരുന്നതായും പൊലീസ് പറഞ്ഞു. സംഘത്തിലുള്ളവർ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്നും വ്യക്തമാക്കി
ചെങ്ങന്നൂർ ഡി.വൈ.എസ്.പി അനീഷ്.വി.കോര, മാവേലിക്കര സി.ഐ പി.ശ്രീകുമാർ ,നൂറനാട് സ്റ്റേഷൻ ഒഫീസർ വി.ബിജു, എസ്.ഐ എം.ശ്രീധരൻ എന്നിവർ സ്ഥലത്തെത്തിയിരുന്നു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
