കോഴിക്കോട് സ്വകാര്യ ബസിന്റെ അമിത വേഗത ചോദ്യം ചെയ്ത ദമ്പതികളെ ജീവനക്കാർ മർദ്ദിച്ചതായി പരാതി. സ്‌കൂട്ടർ യാത്രക്കാരിയുടെ പരാതിയിൽ കണ്ടക്ടർക്കെതിരെ നടക്കാവ് പോലീസ് കേസെടുത്തു. ബസ് ജീവനക്കാർക്ക് മോട്ടോർ വാഹന വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകി.

കോഴിക്കോട്: സ്വകാര്യ ബസിന്റെ അമിത വേഗതയെ ചോദ്യം ചെയ്ത സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികളെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് എരഞ്ഞിപ്പാലത്ത് വച്ച് ആണു സംഭവങ്ങള്‍ നടന്നത്. കോഴിക്കോട്-നരിക്കുനി റൂട്ടിലോടുന്ന ബില്‍സാജ് ബസിലെ ജീവനക്കാരും സ്‌കൂട്ടര്‍ യാത്രക്കാരായ കാരപ്പറമ്പ് സ്വദേശികളായ ദമ്പതികളുമായിരുന്നു ഏറ്റുമുട്ടിയത്.

സ്‌കൂട്ടര്‍ യാത്രക്കാരി ഷേര്‍ളിയുടെ പരാതിയില്‍ ബസിലെ കണ്ടക്ടര്‍ക്കെതിരെ നടക്കാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബസ് നിരന്തരം ഹോണ്‍ മുഴക്കിയും അപകടകരമായ രീതിയിലും ഓടിച്ചു എന്നാരോപിച്ച് സ്‌കൂട്ടര്‍ യാത്രക്കാര്‍ വാഹനം തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ചോദ്യം ചെയ്യുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ബസ്സിന് പുറത്ത് വന്ന കണ്ടക്ടര്‍ അസഭ്യം പറയുകയും ടിക്കറ്റ് മെഷീന്‍ ഉപയോഗിച്ച് അടിക്കുകയും ചെയ്തു എന്ന് കാണിച്ചാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ കാര്യം തിരക്കാനെത്തിയ കണ്ടക്ടറെ സ്‌കൂട്ടറിലെത്തിയവര്‍ അകാരണമായി മര്‍ദ്ദിക്കുകയായിരുന്നെന്നാണ് ബസ് ജീവനക്കാരുടെ വാദം. ബസ് ജീവനക്കാര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഡ്രൈവറോടും കണ്ടക്ടറോടും ഓഫീസില്‍ ഹാജരാകാനും നിര്‍ദേശിച്ചു.