മാന്നാര്‍: ബസിന്റെ സ്‌പെയര്‍ പാർട്സുകള്‍ മോഷ്ടിച്ച് ആക്രി കച്ചവടം നടത്തുന്ന യുവാവിനെ പിടികൂടി. മലപ്പുറം പനമ്പാട്ട് പൊന്നാനി ആശാരിപറമ്പില്‍ ഉണ്ണികൃഷ്ണനെ (27) ആണ് മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മാവേലിക്കര പേനകം കല്ലുകുഴിയില്‍ ഭാര്യ വീട്ടിലാണ് ഇയാളുടെ താമസം.  

ചൊവ്വാഴ്ച പകല്‍ രണ്ടിന് പെട്ടി ഓട്ടോറിക്ഷയില്‍ ബുധനൂരിലെത്തിയ ഇയാള്‍ ആഞ്ഞിലി ഭവനം ആനന്ദകുമാരപണിക്കരുടെ വീട്ടുവളപ്പിലെ ഷെഡില്‍ സൂക്ഷിച്ചിരുന്ന സര്‍വീസ് ബസുകളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ എടുത്ത് പെട്ടി ഓട്ടോയിലാക്കി. ശബ്ദംകേട്ട് വെളിയിലേക്ക് ഇറങ്ങി വന്ന വീട്ടുടമയെ ഇയാള്‍ ആക്രമിച്ചു. ബഹളം കേട്ട് സമീപത്തെ ബന്ധുവീട്ടില്‍ നിന്നെത്തിയവരാണ് യുവാവിനെ കീഴ്‌പ്പെടുത്തിയത്.