കോഴിക്കോട്: അപൂർവതയോടെ പിറവിയെടുത്ത പശുക്കിടാവിന് ജീവൻ നിലനിർത്താനായില്ല. പേരാമ്പ്ര പാലേരി തരിപ്പിലോട് ടി.പി. പ്രേമജന്റെ വീട്ടിലെ പശുവാണ് കഴിഞ്ഞ ദിവസം ഇരട്ടത്തലയുള്ള കിടാവിന് ജന്മം നൽകിയത്. പശുവിൻ്റെ രണ്ടാമത്തെ പ്രസവത്തിലായിരുന്നു ഈ അപൂർവ്വത. രണ്ട് ജോഡി കണ്ണുകളും രണ്ട് മൂക്കും രണ്ട് വായും ഉള്ള കിടാവ് ജനിച്ചത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. എന്നാൽ കാലുകൾക്കും വാലുമെല്ലാം വ്യത്യാസമുണ്ടായിരുന്നില്ല. ലക്ഷത്തിൽ ഒന്നോ രണ്ടോ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണിതെന്നാണ് വെറ്ററനറി സർജൻമാരും മൃഗസംരക്ഷകരും പറയുന്നത്.

തല ഉയർത്തി നിൽക്കാനും എഴുന്നേൽക്കാനും കഴിയാത്ത അവസ്ഥയിലായിരുന്നു ജനിച്ച സമയം മുതൽ കിടാവ്. എന്നാൽ, കൊടുക്കുന്ന പാൽ രണ്ടു വായിലൂടെയും കുടിച്ചിരുന്നു. സങ്കര ഇനത്തിൽ പെട്ട പശുവിൻ്റെ പ്രസവത്തിലാണ് അപൂർവതയുണ്ടായത്. ചങ്ങരോത്ത് പഞ്ചായത്ത് മൃഗാശുപത്രിയിലെ ലൈവ് സ്റ്റോക്ക് അസിസ്റ്റന്റ് സുഭാഷിന്റെ നേതൃത്വത്തിൽ പ്രഥമ ശുശ്രൂഷ നൽകിയാണ് കുട്ടിയെ പുറത്തെടുത്തത്. വെറ്ററിനറി സർജൻ ഉൾപ്പെടെ സ്ഥലത്തെത്തിയിരുന്നു. ഇരുതലയുള്ള കിടാവ് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ജീവൻ വെടിയുന്നത്.