കോഴിക്കോട്: ഗവണ്‍മെന്‍റ് സ്‌കൂളുകളെ ദത്തെടുത്ത് വിദ്യാര്‍ത്ഥികളിലെ പഠനപിന്നോക്കാവസ്ഥ പരിഹരിച്ച് അവരെ ഉയര്‍ത്തികൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ് ലോംഗ് ലേണിംഗ് ആന്‍റ് എക്സ്റ്റന്‍ഷന്‍ വകുപ്പ് 'മിഷന്‍ 2021' പദ്ധതി നടപ്പാക്കുന്നു.  പദ്ധതിയുടെ ഉദ്ഘാടനം നവംബര്‍ 25-ന് മൂന്ന് മണിക്ക് വള്ളിക്കുന്ന് ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ രജിസ്ട്രാര്‍ ഡോ.സി.എല്‍.ജോഷി നിര്‍വഹിക്കും. 

ലൈഫ് ലോംഗ് വിഭാഗം ഡയറക്ടര്‍ ഡോ സി നസീമ, പ്രധാനധ്യാപിക സി.കൃഷ്ണകുമാരി തുടങ്ങിയവര്‍ സംബന്ധിക്കും. സ്‌പെഷ്യല്‍ ക്ലാസ്, മോട്ടിവേഷന്‍ ക്ലാസ്, ആവശ്യമുള്ള കുട്ടികള്‍ക്ക് സ്‌പെഷ്യല്‍ കോച്ചിംഗ്, പഠനവൈകല്യ പരിഹാര മാര്‍ഗങ്ങള്‍ എന്നിവ നല്‍കും. 

കൂടാതെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, മാത്‌സ്, ഇ.വി.എസ്, തെരഞ്ഞെടുത്ത കുട്ടികള്‍ക്ക് ആര്‍ട്‌സ്, സ്‌പോര്‍ട്‌സ്, ഗെയിംസ് എന്നിവയില്‍ പ്രത്യേക പരിശീലനം തുടങ്ങിയവയും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവകുപ്പിലെ പത്ത് വിദ്യാര്‍ത്ഥികളാണ് ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.