അമ്പലപ്പുഴ: വഴിയാത്രക്കാരിയെ ഇടിച്ചിട്ട് നിര്‍ത്താതെപോയ വാഹനം തൃശൂരില്‍ നിന്ന് പുന്നപ്ര പൊലീസ് പിടികൂടി. പുന്നപ്ര പണിക്കന്‍വേലി സുനിത(52)യെ പുന്നപ്ര പൊലീസ് സ്റ്റേഷന് തെക്ക് ഭാഗത്തുവെച്ച് കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. യുവതിയെ ഇടിച്ചു വീഴ്ത്തിയ വിദേശ നിര്‍മ്മിത വാഹനമാണ് വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വാഹനം ഓടിച്ചിരുന്ന തൃശൂര്‍ ജ്യോതിസ് ജവഹറില്‍ പ്രേംകിഷോറിന്റെ പേരില്‍ പുന്നപ്ര പൊലീസ് കേസെടുത്തു. 

അപകടത്തില്‍ ഗുരുതര പരിക്കേറ്റ സുനിതയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് വൈക്കത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടസ്ഥലത്തുനിന്ന് ലഭിച്ച സൈഡ് കണ്ണാടി ചില്ലകളുടെ അടിസ്ഥാനത്തിലാണ് വാഹനത്തെകുറിച്ചുള്ള സൂചന ലഭിച്ചത്. ആലപ്പുഴയിലെ വിവിധ വാഹന ഷോറൂമുകളിലും പൊലീസ് പരിശോധന നടത്തി. ഇതില്‍ നിന്നാണ് വിദേശനിര്‍മിത ജീപ്പിന്റേതാണ് കണ്ണാടി ചില്ലകള്‍ എന്നറിയുന്നത്. 

തുടര്‍ന്ന് ആലപ്പുഴയിലും എറണാകുളത്തും ട്രാഫിക് സിഗ്‌നലുകളിലെ കാമറകളും പരിശോധിച്ചാണ് വാഹനത്തിന്റെ നമ്പര്‍ ലഭിച്ചത്. പിന്നീടുള്ള അന്വഷണത്തിലാണ് വാഹന ഉടമയുടെ വിവരങ്ങള്‍ അറിയുന്നത്. തുടര്‍ന്ന് തൃശൂരുള്ള ഷോറൂമില്‍നിന്ന് വാഹനം പിടികൂടി. ഇതിന് മുമ്പ് അഞ്ച് സമാനകേസുകളിലും നിസാര തെളിവുകളുടെ അടിസ്ഥാനത്തിലാണ് വാഹനം പുന്നപ്ര പൊലീസ് പിടികൂടിയത്.