Asianet News MalayalamAsianet News Malayalam

കെയര്‍ ഹോം പദ്ധതിയിലൂടെ വീട്; ആശ്വാസ തുരുത്തില്‍ സിബിയും കുടുംബവും

പ്രളയത്തില്‍ കുറ്റ്യാടി പുഴയില്‍ നിന്ന് വെള്ളം കയറിയാണ് കൊറ്റോത്തുമ്മലുണ്ടായിരുന്ന സിബിയുടെ വീട് പൂര്‍ണമായും മുങ്ങിപ്പോയത്. പുഴയില്‍ പെട്ടന്ന് തന്നെ വെള്ളമുയര്‍ന്നതിനാല്‍ ഭൂപ്രമാണമടക്കമുള്ള ചില രേഖകള്‍...

care home project to help the flooded family in Kozhikode
Author
Calicut, First Published Jun 23, 2019, 5:30 PM IST

കോഴിക്കോട്: ഇരച്ചെത്തുന്ന മലവെള്ളപാച്ചിലിനെ ഭയക്കാതെ കുഞ്ഞുങ്ങളെ നെഞ്ചോട് ചേര്‍ത്ത് ഉറങ്ങാന്‍ സിബിക്കും കുടുംബത്തിനും ഇന്ന് കെയര്‍ ഹോം പദ്ധതിയുടെ തണലുണ്ട്. പ്രളയത്തില്‍ തകര്‍ന്ന വീടിന് പകരം സഹകരണ വകുപ്പിന്‍റെ കെയര്‍ ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സിബി സുകുമാരനും ഭാര്യ അനു അശോകനും പുതിയ വീട് ലഭിച്ചു. ഈ വീട്ടില്‍ താനും ഭാര്യ അനുവും രണ്ടു മക്കളുമടങ്ങുന്ന കുടുംബം സുരക്ഷിതരാണെന്നാണ് സിബി സുകുമാരന്‍ പറയുന്നത്.

സഹകരണ വകുപ്പിന്‍റെ കെയര്‍ ഹോം പദ്ധതിയുടെ പരസ്യത്തില്‍ നിര്‍മ്മാണം നടക്കുന്നതായി കാണിച്ച വീടാണ് മരുതോങ്കര പഞ്ചായത്തിലെ ഓട്ടോ ഡ്രൈവറായ സിബിയുടേത്. നിര്‍മ്മാണം തുടങ്ങി മൂന്നാം മാസം വീട്ടില്‍ താമസമാരംഭിക്കാനായത് സ്വപ്നം പോലെയാണ് തോന്നുന്നതെന്ന് സിബിയും അനുവും പറഞ്ഞു. 

പ്രളയത്തില്‍ കുറ്റ്യാടി പുഴയില്‍ നിന്ന് വെള്ളം കയറിയാണ് കൊറ്റോത്തുമ്മലുണ്ടായിരുന്ന സിബിയുടെ വീട് പൂര്‍ണമായും മുങ്ങിപ്പോയത്. മൂന്ന് ദിവസത്തോളം വെള്ളമിറങ്ങാതിരുന്നതോടെ വീട് തകര്‍ന്നു. പുഴയില്‍ പെട്ടന്ന് തന്നെ വെള്ളമുയര്‍ന്നതിനാല്‍ ഭൂപ്രമാണമടക്കമുള്ള ചില രേഖകള്‍ മാത്രമെടുത്താണ് ഇവര്‍ ജീവനും കൊണ്ടോടിയത്. വീട്ടുപകരണങ്ങള്‍ എല്ലാം നശിച്ചു. പിന്നീട് കിട്ടിയ വിലക്ക് സ്ഥലം വിറ്റു. ആ പണവും കടം വാങ്ങിയ പണവും ഉപയോഗിച്ച് കുറച്ച് സ്ഥലം വാങ്ങിയെങ്കിലും വീട് നിര്‍മ്മിക്കാന്‍ എന്തുചെയ്യുമെന്നറിയാതെ നില്‍ക്കുമ്പോഴാണ് സഹകരണ വകുപ്പിന്‍റെ കെയര്‍ ഹോം പദ്ധതിയുടെ ഭാഗമായി വീട് ലഭിക്കുന്നത്. 

ഈ വര്‍ഷം ജനുവരി 11നാണ് ചോറോട് സര്‍വീസ് സഹകരണ ബാങ്കിന്‍റെ നേതൃത്വത്തില്‍ സിബിയുടെ വീടിന്‍റെ നിര്‍മ്മാണം ആരംഭിച്ചത്. ഗുണഭോക്താവായ സിബിയെ കണ്‍വീനറാക്കി, സിബിയുടെ കൂടി പങ്കാളിത്തത്തോടെയാണ് നിര്‍മ്മാണം നടത്തിയത്. ബാങ്ക് ആസ്ഥാനത്ത് നിന്ന് 30 കിലോ മീറ്ററിലധികം ദൂരത്ത് നിര്‍മ്മിക്കുന്ന വീടിന്‍റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുകയെന്നത് ബാങ്കിന് വെല്ലുവിളിയായിരുന്നെന്ന് പ്രസിഡന്‍റ് വി ദിനേശന്‍ പറഞ്ഞു. 

504 സ്‌ക്വയര്‍ ഫീറ്റില്‍ രണ്ട് ബെഡ്റൂം, ഹാള്‍, അടുക്കള, ബാത്ത്റൂം, സിറ്റൗട്ട് എന്നിവയടങ്ങുന്നതാണ് വീട്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയില്‍ നിന്നുള്ള എഞ്ചിനിയറുടെ സഹായവും ലഭിച്ചു. നിലം ടൈല്‍ പതിക്കല്‍, പെയിന്‍റിംഗ്  അടക്കമുള്ള മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തിയാക്കി മാര്‍ച്ച് 10ന് വീടിന്‍റെ താക്കോല്‍ കൈമാറി. 8,63,738 രൂപയാണ് വീട് നിര്‍മ്മാണത്തിനായത്. ഇതില്‍ അഞ്ച് ലക്ഷം സര്‍ക്കാറും ബാക്കിയുള്ള തുക ബാങ്കുമാണ് ചെലവഴിച്ചത്. 

മരുതോങ്കര പഞ്ചായത്ത് പ്രസിഡന്‍റ് കെ എം സതി സിബിക്കും കുടുംബത്തിനും വീടിന്‍റെ താക്കോല്‍ കൈമാറി. പ്രകൃതി ക്ഷോഭങ്ങളുള്‍പ്പെടെയുള്ള നാശനഷ്ടങ്ങള്‍ക്കെതിരെ വീട് 10 വര്‍ഷത്തേക്ക് ഇന്‍ഷുര്‍ ചെയ്തതിന്‍റെ രേഖയും ചടങ്ങില്‍ ബാങ്ക് കൈമാറി. പിന്നീട് ഗൃഹപ്രവേശചടങ്ങുകളോടെ ഏപ്രില്‍ 19ന് സിബിയും കുടുംബവും പുതിയ വീട്ടില്‍ താമസമാരംഭിച്ചു. ജില്ലയിൽ 44 പേര്‍ക്കാണ് കെയര്‍ ഹോം പദ്ധതിയുടെ ഭാഗമായി വീട് ലഭിച്ചത്. മുഴുവന്‍ വീടുകളുടെയും പ്രവൃത്തി പൂര്‍ത്തിയാകുകയും 39 വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറുകയും ചെയ്തു. 

ജില്ലാ കലക്ടര്‍ ഗുണഭോക്താക്കളെ നിര്‍ണയിച്ച പദ്ധതിയില്‍ സര്‍ക്കാര്‍ അംഗീകരിച്ച പ്ലാനുകള്‍ ഉപയോഗിച്ചാണ് വീട് നിര്‍മ്മാണം നടത്തിയത്. ഓരോ വീട് നിര്‍മ്മാണത്തിനും സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപയാണ് ആനുവദിച്ചത്. തുക ജില്ലാ സഹകരണ ബാങ്കില്‍ ഗുണഭോക്താവിന്‍റെയും നിര്‍മ്മാണ ചുമതലയുള്ള സംഘം സെക്രട്ടറിയുടെയും പേരില്‍ ആരംഭിച്ച ജോയിന്‍റ് എസ്ബി അക്കൗണ്ടില്‍ നിക്ഷേപിച്ചു. പദ്ധതിയുടെ സുതാര്യമായ നടത്തിപ്പിന് വേണ്ടി പ്രാദേശിക ജനകീയ കമ്മിറ്റിയും ഗുണഭോക്തൃ കമ്മിറ്റിയും രൂപീകരിച്ചിരുന്നു. വീടിന്‍റെ തറക്കല്ലിടല്‍ മുതല്‍ കൈമാറ്റം വരെയുള്ള ചടങ്ങുകള്‍ വലിയ ജനപങ്കാളിത്തത്തോടെയാണ് നടത്തിയത്. 

Follow Us:
Download App:
  • android
  • ios