കല്‍പ്പറ്റ: കൊറോണയുടെ രണ്ടാം വരവില്‍ വയനാട് ജില്ലയിൽ ആശങ്കയേറെയാണ്. എന്നാല്‍, പലവിധ ബോധവത്കരണത്തിലൂടെ പ്രതിരോധ മാര്‍ഗ്ഗങ്ങൾ ഒരുക്കുകയാണ് അധികൃതര്‍. അത്തരത്തിലൊന്നായിരുന്നു സാമൂഹ്യ സുരക്ഷാ മിഷനും കേരള കാര്‍ട്ടൂണ്‍ അക്കാദമിയും ചേര്‍ന്ന് കല്‍പ്പറ്റയില്‍ കൈനാട്ടി ജനറല്‍ ആശുപത്രിയുടെ മതിലില്‍  ഒരുക്കിയ കാര്‍ട്ടൂണുകള്‍. 

മാസ്‌കും സാനിറ്റൈസറുമായി അങ്കത്തിനിറങ്ങുന്ന പഴശ്ശി രാജയുടെ റോളില്‍ മമ്മൂട്ടിയും താമരശ്ശേരി ചുരത്തില്‍ നിന്ന് മാസ്‌കുമായി 'ഇപ്പ ശര്യാക്കിത്തരാ' എന്ന് പറഞ്ഞ് കൊറോണയെ ഓടിക്കുന്ന കുതിരവട്ടം പപ്പുവും, വയനാട്ടിലേക്ക് ആധുനികര്‍ക്ക് വഴിതെളിച്ച കരിന്തണ്ടുമൊക്കെ കാര്‍ട്ടൂണുകളായി ചുമരില്‍ തെളിഞ്ഞു. സംസ്ഥാന തലത്തില്‍ വിവിധ ജില്ലകളില്‍ ഒരുക്കുന്ന കാര്‍ട്ടൂണ്‍ മതിലിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി. 

കാര്‍ട്ടൂണ്‍ മതില്‍ ഉത്ഘാടനം ചെയ്ത ജില്ല കളക്ടര്‍ അദില അബ്ദുള്ളയും കാര്‍ട്ടൂണ്‍ വരയില്‍ പങ്കാളിയായി. കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ കെ.ഉണ്ണികൃഷ്ണന്‍, അനൂപ് രാധാകൃഷ്ണന്‍, ഡാവിഞ്ചി സുരേഷ്, രതീഷ് രവി, സുഭാഷ് കല്ലൂര്‍, സജീവ് ശൂരനാട്, ഷാജി സീതത്തോട്, ഷാജി പാമ്പള, സനീഷ് ദിവാകരന്‍ എന്നിവര്‍ കാര്‍ട്ടൂണുകള്‍ വരച്ചു. സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ സിനോജ്.പി.ജോര്‍ജ് നേതൃത്വം നല്‍കി.