പശുവിനേയും ഹിന്ദു ദൈവങ്ങളേയും അപമാനിച്ചെന്ന് കാണിച്ച് വിഎച്ച്പി പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് വെള്ളരിക്കുണ്ട് പൊലീസ്  സാജന്‍ എബ്രഹാമിനെതിരെ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. പശുവിനെ ആശ്രയിച്ച് ജീവിക്കുന്ന തനിക്ക് അതിനെ അപമാനിക്കേണ്ട കാര്യമില്ലെന്നാണ് സാജന്‍ പറയുന്നത്. 

കാസര്‍കോട്: പശുവിനേയും ഹിന്ദു ദൈവങ്ങളേയും അധിക്ഷേപിച്ചെന്ന പരാതിയിൽ കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വിശ്വഹിന്ദു പരിഷത് പ്രവർത്തകന്റെ പരാതിയിലാണ് പൊലീസ് നടപടി. വെള്ളരിക്കുണ്ട് സ്വദേശി സാജൻ അബ്രഹാമിനെതിരെയാണ് പൊലീസ് കേസെടുത്തത്. 

കഴിഞ്ഞദിവസം ഓണിക്കുന്നിലെ ചായക്കടയിൽ വച്ച് ചന്ദ്രനും സാജനും തമ്മില്‍ നടന്ന രാഷ്ട്രീയ ചര്‍ച്ചയാണ് പൊലീസ് കേസായി മാറിയത്. രാഷ്ട്രീയ ചര്‍ച്ച ചെയത് ഒടുവില്‍ വിഷയം ഗോസംരക്ഷണത്തില്‍ ചെന്നു നിന്നു. ഇതിനിടെ പശുവിനെ ദൈവമൈയി കാണുന്ന നിങ്ങൾ അതിന്റെ പാലും കുടിക്കാൻ പാടില്ലെന്ന് സാജൻ പറഞ്ഞെന്നും പിന്നീട് ഹിന്ദു ദൈവങ്ങളെ നിന്ദിച്ച് സംസാരിച്ചെന്നുമാണ് ചന്ദ്രൻ പറയുന്നത്.

നമ്മള്‍ ആരേയും ആക്ഷേപിച്ചിട്ടില്ല. ഓരോരുത്തര്‍ക്ക് ഓരോ വിശ്വാസമുണ്ട്. അവര്‍ക്ക് വിശ്വസിക്കാനുള്ള അവകാശമുണ്ട്. അവരെ കളിയാക്കേണ്ട കാര്യമില്ല - പരാതിക്കാരനായ ചന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാല്‍ രാഷ്ട്രീയ ചര്‍ച്ച മാത്രമാണ് നടത്തിയതെന്നും മതത്തെ നിന്ദിക്കുന്ന ഒന്നും തന്നെ താന്‍ പറഞ്ഞിട്ടില്ലെന്നും സാജന്‍ പറയുന്നു. ഞാന്‍ പശുവിനെക്കുറിച്ച് സംസാരിച്ചെന്നും നിന്ദിച്ചെന്നും പറഞ്ഞാണ് കേസ് കൊടുത്തിരിക്കുന്നത്. പശുവിനെ കറന്നും വളര്‍ത്തിയും ജീവിക്കുന്നവരാണ് ‍‍‍‍‍ഞങ്ങളും. അങ്ങനെയൊന്നും പറയേണ്ട നമ്മള്‍ക്കില്ല. 

സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ടെന്ന് പൊലീസും സ്ഥിരീകരിക്കുന്നു. മതനിന്ദാപരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതൽ അന്വേഷണം ആവശ്യമുണ്ട്- വാര്‍ത്തയോട് പ്രതികരിച്ച് കൊണ്ട് വെള്ളരിക്കുണ്ട് പൊലീസ് വ്യക്തമാക്കി