മടക്കത്തറ: ചുട്ടുപൊള്ളുന്ന വേനലിൽ ആശ്വാസമായി രുചിയാർന്ന കാഷ്യൂ സോഡ. പാഴാക്കി കളയുന്ന കശുമാങ്ങയിൽ നിന്നാണ് കാര്‍ഷിക സ‌ർവകലാശാലയുടെ കീഴിലെ കശുമാവ് ഗവേഷണ കേന്ദ്രം കാഷ്യൂ സോഡ വികസിപ്പിച്ചെടുത്തത്. വാണിജ്യാടിസ്ഥാനത്തില്‍ ഇത് പുറത്തിറക്കാനാണ് കശുമാവ് ഗവേഷണ കേന്ദ്രത്തിന്റെ നീക്കം

ഒരു കശുമാവില്‍ നിന്ന് പത്ത് കിലോയോളം കശുവണ്ടി കിട്ടുമ്പോള്‍ അമ്പത് കിലോയോളം കശുമാങ്ങ ആരും ഉപയോഗിക്കാതെ പാഴായിപ്പോവുകയാണ് പതിവ്. കശുമാങ്ങ ജ്യൂസാക്കി മാറ്റി, ജ്യൂസില്‍ നിന്ന് കറകളഞ്ഞ ശേഷമാണ് സോഡ നിര്‍മ്മിക്കുന്നത്. ഒരു കുപ്പിക്ക് ഇരുപത് രൂപ എന്ന നിരക്കിലാണ് നിലവില്‍ കാഷ്യു സോഡ വില്‍പനയെന്ന് കശുമാവ് ഗവേഷണ കേന്ദ്രം മേധാവി ഡോ ജലജ മേനോൻ പറയുന്നു.

മറ്റേത് പഴങ്ങളെ പോലെ പോഷക സമ്പന്നമാണ് കശുമാങ്ങ. പക്ഷെ കറയുള്ളത് കൊണ്ട് അധികം ആരും കഴിക്കാറില്ല. എന്നാല്‍ മടക്കത്തറ കാശുമാവ് ഗവേഷണ കേന്ദ്രത്തിൽ കശുമാങ്ങയില്‍ നിന്ന് രുചിയേറിയ ഒട്ടേറെ വിഭവങ്ങളാണ് തയ്യാ‍റാവുന്നത്. അതിലെ താരമാണ് കാഷ്യൂ സോഡ. ഒരിക്കല്‍ കുടിച്ചാല്‍ വീണ്ടും വീണ്ടും കുടിക്കാൻ തോന്നുന്ന സ്വാദുള്ള കാഷ്യൂ സോഡ ഈ കൊടുവേനലില്‍ കുളിരാകുകയാണ്.