നാവില്‍ നിന്ന് ഉമിനീര്‍ വരികയും തുടര്‍ന്ന് തീറ്റയെടുക്കാതെ നുരയും പതയും വന്ന് ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും ചെയ്താണ്  എല്ലാ നാല്‍ക്കാലികളും ചത്തത്. മേഖലയിലെ കൂടുതല്‍ പശുക്കളില്‍ ഈ ലക്ഷണങ്ങള്‍ കണ്ടെത്തിയത് കര്‍ഷകരില്‍ ഏറെ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. 

ഹരിപ്പാട്: അപ്പര്‍കുട്ടനാട്ടിലെ ക്ഷീര കര്‍ഷക മേഖലയില്‍ കന്നുകാലികല്‍ക്കിടയില്‍ അജ്ഞാത രോഗം കണ്ടെത്തിയത് ആശങ്കള്‍ക്കിടയാക്കുന്നു. ഇതിനോടകം നിരവധി കന്നുകാലികളാണ് രോഗത്തെ തുടര്‍ന്ന് ചത്തൊടുങ്ങിയത്. വീയപുരത്താണ് ഏറ്റവും കൂടുല്‍ കന്നുകാലികള്‍ രോഗം വന്ന് ചത്തത്.

ഇവിടെ അജ്ഞാത രോഗം മൂലം പത്തിലധികം പശുക്കളും പന്ത്രണ്ടോളം ആടുകളുമാണ് കര്‍ഷകര്‍ക്ക് നഷ്ടമായത്. നന്ദന്‍കേരില്‍ അബ്ദുല്‍ സത്താറിന്റെ 60,000 രൂപയോളം വില വരുന്ന കറവപ്പശു കഴിഞ്ഞ ദിവസം ചത്തു. പാളയത്തില്‍ കോളനിയില്‍ സുധാകരന്‍, അടിച്ചേരില്‍ സജീവ്, പോളത്തുരുത്തേല്‍ ഷാനി, കുഞ്ഞുമോന്‍, അബ്ദുല്‍മജീദ്, നന്ദന്‍കേരില്‍ കൊച്ചുമോന്‍, പാളയത്തില്‍ സോമന്‍ എന്നിവരുടെ പശുക്കളാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗം വന്ന് ചത്തത്.

രോഗം സ്ഥിരീകരിക്കാത്തതിനാല്‍ കൂടുതല്‍ പരിശോധനയ്ക്കായി ആന്തരികാവയവങ്ങള്‍ ആലപ്പുഴയ്ക്ക് അയച്ചിരിക്കുകയാണെന്ന് വീയപുരം വെറ്ററിനറി സര്‍ജന്‍ പറഞ്ഞു. ദഹനക്കുറവാണെന്നായിരുന്നു ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. നാവില്‍ നിന്ന് ഉമിനീര്‍ വരികയും തുടര്‍ന്ന് തീറ്റയെടുക്കാതെ നുരയും പതയും വന്ന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടാണ് എല്ലാ നാല്‍ക്കാലികളും ചത്തത്. മേഖലയിലെ കൂടുതല്‍ പശുക്കളില്‍ ഈ ലക്ഷണങ്ങള്‍ കണ്ടെത്തിയത് കര്‍ഷകരില്‍ ഏറെ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. 

കറുകത്തകിടിയില്‍ അജിമോന്‍, തോപ്പില്‍ റസിയ എന്നിവരുടെ ആടുകള്‍ ചത്തിരുന്നു. കാലാവസ്ഥയിലുണ്ടായ വ്യതിയാനം മൂലമാണ് ആടുകള്‍ ചത്തതെന്നാണ് വെറ്ററിനറി ഡോക്ടര്‍മാരുടെ അഭിപ്രായം. മിക്ക പശുക്കളും തളര്‍ന്ന് വീഴുന്നുണ്ടെന്നും ചികിത്സയ്ക്ക് ഭീമമായ തുക ചെലവഴിച്ചിട്ടും ഉപജീവനമാര്‍ഗമായ മാടുകളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. സംഭവത്തിന്റെ ദുരൂഹത നീക്കാന്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധന നടത്തണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.