തിരുവനന്തപുരം: കാഞ്ഞിരംകുളം മൗണ്ട് കാർമൽ സ്കൂളിൽ ബസ് കത്തിച്ച പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന്. അക്രമികൾ ആഹ്ലാദ പ്രകടനം നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവം നടന്ന് മൂന്നാഴ്ചയായിട്ടും അക്രമികളെ ഇതുവരെ പൊലീസ് പിടികൂടിയിട്ടില്ല. 

സെപ്തംബർ മൂന്നാം തിയതി രാത്രിയാണ് കാഞ്ഞിരംകുളം മൗണ്ട് കാർമ്മൽ റസിഡൻഷ്യൽ സ്കൂളിൽ സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടിയത്. സ്കൂൾ വളപ്പിൽ നിർത്തിയിട്ടിരുന്ന ഒരു ബസ്സിന് തീവച്ചു. എട്ട് ബസ്സുകൾ അടിച്ചുതകർത്തു.

സ്കൂൾ വളപ്പിലെ സിസിടിവി ക്യാമറകൾ അക്രമികൾ തകർത്തിരുന്നു. എന്നാൽ ഇവരുടെ കണ്ണിൽ പെടാതെ പോയ ഒരു ക്യാമറയിലെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തായത്.
അക്രമത്തിൽ ഏകദേശം ഒരു കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. 

സ്കൂൾ അധികൃതരുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും ഇതുവരെയും ഒരു പുരോഗതിയുമില്ല. സ്കൂളിന് പിൻഭാഗത്തെ മതിലിലെ അടയാളങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആദ്യ അന്വേഷണം. അക്രമികളെ ഉടൻ പിടികൂടുമെന്നാണ് പൊലീസ് പറയുന്നത്. 

കാഞ്ഞിരംകുളം ഭാഗത്ത് സാമൂഹ്യവിരുദ്ധരുടെ ആക്രമണങ്ങൾ പതിവാണെന്നും ഇത്തരം സംഘങ്ങളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം തുടരുന്നതെന്നും പൊലീസ് പറയുന്നു. സ്കൂൾ മാനേജ്മെന്റിനോട് പകയുള്ള ആരെങ്കിലുമാണോ സംഭവത്തിന് പിന്നിലെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

"