കടുപ്പത്തിലാണെങ്കിലും ലൈറ്റായിട്ടാണേലും സൂക്ഷിക്കണേ'...മലപ്പുറത്ത് കൃത്രിമകളർ ചേർത്ത 15കിലോ ചായപ്പൊടി പിടികൂടി

വ്യാഴാഴ്ചകളിൽ തിരൂർ, താനൂർ മേഖലകളിൽ ഇത്തരം ചായപ്പൊടി വില്പന നടത്തുന്ന സംഘം വാഹനത്തിലെത്തുമെന്ന വിവരത്തേ തുടർന്നുള്ള പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ

chemical laced 15 kilo tea dust seized in malappuram 13 January 2025

മലപ്പുറം: മലപ്പുറം ജില്ലയിലെ പല കടകളിലും കൃത്രിമക്കളർ ചേർത്ത ചായപ്പൊടി കൊണ്ടുണ്ടാക്കിയ ചായ നൽകുന്നതായി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി. ജില്ലയിൽ പലയിടങ്ങളിലും കളർചേർത്ത ചായപ്പൊടി വില്പന വ്യാപകവുമാണ്. പട്ടാമ്പിയിൽ നിന്ന് ജില്ലയുടെ തീരദേശമേഖലയിൽ വില്പയ്ക്ക് കൊണ്ടുവന്ന 15 കിലോ കൃത്രിമ കളർ ചേർത്ത ചായപ്പൊടി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി.

കഴിഞ്ഞ ദിവസം നടന്ന ബി.പി. അങ്ങാടി നേർച്ച സ്ഥലത്തെ ചില ചായക്കടകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ മൊബൈൽ ടെസ്റ്റിങ് ലാബിന്റെ സഹായത്തോടെ പരിശോധന നടത്തിയപ്പോൾ കളർ ചേർത്ത ചായപ്പൊടി കണ്ടെത്തിയിരുന്നു. അന്വേഷണത്തിൽ വ്യാഴാഴ്ചകളിൽ തിരൂർ, താനൂർ മേഖലകളിൽ ഇത്തരം ചായപ്പൊടി വില്പന നടത്തുന്ന സംഘം വാഹനത്തിലെത്തുമെന്ന് വിവരം ലഭിച്ചിരുന്നു.

തുടർന്ന് മലപ്പുറം ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ചായപ്പൊടി കണ്ടെത്തിയത്. വില്പനയ്ക്കുപോകുന്ന വാഹനം പിടികൂടി ചായപ്പൊടി പിടിച്ചെടുത്തത് വാഹനത്തിലുണ്ടായിരുന്ന പട്ടാമ്പി സ്വദേശി അഷ്റഫലി (55) ക്കെതിരേ കേസെടുത്തു.  ചായപ്പൊടിയുടെ സാമ്പിൾ വിദഗ്ധ പരിശോധനയ്ക്ക് കോഴിക്കോട് റീജണൽ അനലറ്റിക്കൽ ലബോറട്ടറിയിലേക്കയച്ചു. അന്തിമഫലം വന്നാൽ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും. അന്വേഷണം മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios