സുജാത ടീച്ചർ പാടി വരുന്നത് വെറുമൊരു പാട്ടല്ല. വരികളിൽ നിറയുന്നത് മൂലകങ്ങളും സംയുക്തങ്ങളും സമവാക്യങ്ങളും. കുട്ടികളേറെ പേടിക്കുന്ന രസതന്ത്രത്തെയാണ് ടീച്ചർ പാട്ടിലാക്കിയത്.

കോട്ടയം: വ്യത്യസ്തമായ അധ്യാപനത്തിലൂടെ കുട്ടികളെ പാട്ടിലാക്കിയ ഒരു അധ്യാപികയെ പരിചയപ്പെടാം. കടുപ്പമേറിയ വിഷയമായ രസതന്ത്രത്തെ രസകരമാക്കിയ ടീച്ചർ. കോട്ടയത്ത് നിന്നുള്ള അധ്യാപിക സുജാത ഹരിമോഹന്‍റെ വിശേഷങ്ങൾ അത്രയ്ക്കും രസകരമാണ്. 

സുജാത ടീച്ചർ പാടി വരുന്നത് വെറുമൊരു പാട്ടല്ല. വരികളിൽ നിറയുന്നത് മൂലകങ്ങളും സംയുക്തങ്ങളും സമവാക്യങ്ങളും. കുട്ടികളേറെ പേടിക്കുന്ന രസതന്ത്രത്തെയാണ് ടീച്ചർ പാട്ടിലാക്കിയത്. അതിലൂടെ കുട്ടികളേയും. ഇത് അധ്യാപനത്തിന്‍റെ രസ തന്ത്രം. ഇനിയുമുണ്ട് കെമിസ്ട്രി നിറയും ഈണങ്ങൾ.

20 വർഷമായി കോട്ടയം ഇല്ലിക്കൽ എക്സെൽഷ്യർ ഇംഗ്ലീഷ് സ്കൂളിലെ അധ്യാപികയായ സുജാത ഇപ്പോൾ വൈസ് പ്രിൻസിപ്പളുമാണ്. ഏറെ സന്തോഷം നൽകുന്നത് പഠിപ്പിക്കുമ്പോളെന്ന് പറയുന്ന ടീച്ചർക്ക് പാടി പഠിപ്പിക്കാൻ അതിലേറെ സന്തോഷം. തൂണിലും തുരുമ്പിലുമുള്ള രസതന്ത്രത്തെ അറിഞ്ഞൊന്ന് പഠിച്ചാൽ വളരെ ലളിതമെന്നും സുജാത ടീച്ചർ പറയുന്നു. 

YouTube video player

കെമിസ്ട്രിയെ കൂടുതൽ രസകരമായി പഠിപ്പിക്കാൻ ഗവേഷണത്തിലുമാണ് സുജാത. പാവപ്പെട്ട കുട്ടികളെ സൗജന്യമായി കെമിസ്ട്രി പഠിപ്പിക്കുന്ന അധ്യാപക കൂട്ടായ്മയായ ക്രെസ്റ്റിന്‍റെ പിന്നണിയിലും ടീച്ചർ തന്നെ. സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആർ തലവനായ ഭർത്താവ് ഹരിമോഹന്‍റെ പിന്തുണയുണ്ട് എല്ലാത്തിനും. ദേശീയ പ്രോഗ്രസീവ് ടീച്ചർ എക്സലൻസ് പുരസ്കാരവും സുജാതയെ തേടിയെത്തിയിട്ടുണ്ട്. രസവും താളവും തന്ത്രങ്ങളും നിറച്ച് സുജാത ടീച്ചർ അധ്യാപനം തുടരുകയാണ്.