Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ സജീവമായും ജനകീയമായും നടത്തണം: ടിക്കാറാം മീണ

സർവ്വകലാശാലകളിലെയും കോളജുകളിലെയും തെരഞ്ഞെടുപ്പ് സാക്ഷരത ക്ലബുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാ റാം മീണ.

Chief Electoral Officer Teeka Ram Meena about electoral process
Author
Malappuram, First Published Dec 22, 2019, 6:49 PM IST

മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ സജീവമായും ജനകീയമായും നടത്തണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. സർവ്വകലാശാലകളിലെയും കോളജുകളിലെയും തെരഞ്ഞെടുപ്പ് സാക്ഷരത ക്ലബുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദേശിച്ചു. 'തെരഞ്ഞെടുപ്പ് സാക്ഷരത: ശക്തമായ ജനാധിപത്യം' എന്ന മുദ്രാവാക്യമുയർത്തി ജനുവരി അഞ്ചിന് വോട്ടേഴ്സ് ദിനാഘോഷം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ വിലയിരുത്തുന്നതിനായി കോഴിക്കോട് സർവകലാശാല ക്യാമ്പസിൽ ചേർന്ന കോഴിക്കോട് മലപ്പുറം ജില്ലകളിലെ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർമാർ, തഹസിൽദാർമാർ എന്നിവരുടെ  സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനായുള്ള അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കണം. മരിച്ചവരുടെയും താമസം മാറിയവരുടെയും പേരുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നും പരാതികൾ പൂർണമായും പരിഹരിക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി. 

വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനായുള്ള അപേക്ഷകൾ നിരസിക്കുന്ന പക്ഷം കാരണം വ്യക്തമായി ഫയലിൽ രേഖപ്പെടുത്തണം. ആരെയെങ്കിലും ബോധപൂർവ്വമോ അബദ്ധവശാലോ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ പാടില്ല. കൂടുതൽ വിദ്യാർത്ഥികൾക്ക് സമ്മതിദാന അവകാശം ഉറപ്പുവരുത്തുന്നതിനായി സർവ്വകലാശാലകളിലും കോളജുകളിലും തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ സന്ദർശനം നടത്തി ബോധവൽക്കരണം നടത്തണം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നേരത്തെ തന്നെ തുടങ്ങണം.

 മികച്ച തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് തഹസിൽദാർമാർ, ബി.എൽ.ഒ മാർ എന്നിവർക്ക് അവാർഡ് നൽകും. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായി പണം ചെലവഴിക്കുന്നതിൽ തടസ്സങ്ങളുണ്ടാകില്ലെന്നും യൂട്ടി ലൈസേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ കൂട്ടിച്ചേർത്തു. എ.ഡി.എം എൻ.എം മെഹറലി, ഡെപ്യൂട്ടി കലക്ടർ പി.എൻ പുരുഷോത്തമൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി.ബിൻസി ലാൽ തുടങ്ങിയവർ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios