ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും വോട്ട് മാത്രം ലക്ഷ്യമിട്ട് പദ്ധതിക്ക് ജീവന്‍ വെക്കുയാണെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. അപ്രോച്ച് റോഡ് കടന്നുപോകേണ്ട സ്ഥലത്തിന്റെ ഉടമ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതാണ് പദ്ധതി അനിശ്ചിതമായി നീളാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

കല്‍പ്പറ്റ: 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ടു പാലങ്ങള്‍ നര്‍മിച്ചതിന്റെ ദുരിതം പേറുകയാണ് കണിയാമ്പറ്റ പഞ്ചായത്തിലെ ചീക്കല്ലൂര്‍ നിവാസികള്‍. ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴും കോടികള്‍ മുടക്കിയ പദ്ധതി ഉപകാരമില്ലാതെ കിടക്കുകയാണ്. പാലം നിര്‍മ്മിക്കുന്നതിന് മുമ്പേ പദ്ധതിയിട്ട അപ്രോച്ച് റോഡ് പൂര്‍ത്തിയാക്കാന്‍ പഞ്ചായത്തിന് കഴിയാത്തതാണ് ദുരിതത്തിന് കാരണം. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും വോട്ട് മാത്രം ലക്ഷ്യമിട്ട് പദ്ധതിക്ക് ജീവന്‍ വെക്കുയാണെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. അപ്രോച്ച് റോഡ് കടന്നുപോകേണ്ട സ്ഥലത്തിന്റെ ഉടമ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതാണ് പദ്ധതി അനിശ്ചിതമായി നീളാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

റോഡിനായി കൂടുതല്‍ സ്ഥലവും വിട്ടുകിട്ടേണ്ടത് സ്വകാര്യവ്യക്തിയില്‍ നിന്നാണ്. പഞ്ചായത്താകട്ടെ ഇതിനായി പ്രഖ്യാപിച്ച നഷ്ടപരിഹാരം പോലും നല്‍കാന്‍ തയ്യാറുമല്ല. 2008 ലാണ് ചീക്കല്ലൂര്‍ പാലത്തിന്റെ പ്രവൃത്തി ആരംഭിക്കുന്നത്. ഒരു വര്‍ഷം കൊണ്ട് തന്നെ ചീക്കല്ലൂര്‍ പുഴക്ക് കുറുകെ രണ്ട് പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായി. 

ഒമ്പത് കോടി രൂപയിലേറെ പാലത്തിനും അനുബന്ധ റോഡിനുമായി അന്ന് അനുവദിച്ചിരുന്നു. ഇതില്‍ നാല് കോടി രൂപയോളം പാലങ്ങള്‍ക്കായി ചിലവഴിച്ചുവെന്നാണ് കണക്ക്. അപ്രോച്ച് റോഡ് പൂര്‍ത്തിയായാല്‍ പുല്‍പ്പള്ളിയില്‍ നിന്നും ജില്ല ആസ്ഥാനമായ കല്‍പ്പറ്റയിലേക്ക് എളുപ്പത്തിലെത്താന്‍ കഴിയും. നടവയല്‍-കണിയാമ്പറ്റ പ്രദേശങ്ങള്‍ തമ്മിലുള്ള ദൂരവും കുറയും. 

പാത യാഥാര്‍ഥ്യമായാല്‍ ചീക്കല്ലൂരിന് പുറമെ കൂടോത്തുമ്മല്‍ പ്രദേശത്തിന്‍റെയും മുഖഛായ മാറുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ തര്‍ക്കം ഇല്ലാത്ത ഭൂമിയില്‍ മണ്ണിട്ട് ഉയര്‍ത്തി റോഡ് നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍ 750 ഓളം മീറ്റര്‍ നീളമുള്ള നടവയല്‍ ഭാഗത്തെ റോഡ് നെല്ലിയമ്പം കവാടം റോഡുമായി ബന്ധിപ്പിക്കണമെങ്കില്‍ സ്വകാര്യ വ്യക്തിയുമായുള്ള തര്‍ക്കം തീര്‍ക്കണം. അതേ സമയം പദ്ധതിക്കെതിര് നില്‍ക്കുന്നത് ചില തല്‍പ്പരകക്ഷികളാണെന്ന ആരോപണവും ജനങ്ങള്‍ ഉന്നയിക്കുന്നു. ചീക്കോട് പാലം തുറന്നാല്‍ പനമരം ടൗണിന് പ്രസക്തി നഷ്ടമാകുമെന്നതാണത്രേ കാരണം.