ട്രെയിനിൽ നിന്ന് തിരിച്ചിറങ്ങിയപ്പോൾ പ്ലാറ്റ്ഫോമിൽ നിൽക്കുകയായിരുന്ന മകളുടെ മുന്നിൽവെച്ച് അജേഷ് കാൽവഴുതി തീവണ്ടിക്കും പ്ലാറ്റ്ഫോമിനുമിടയിൽ വീഴുകയായിരുന്നു...

തിരുവനന്തപുരം: മാതാപിതാക്കളെ യാത്രയാക്കാൻ മകളോടൊപ്പം കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലെത്തിയ സിഐഎസ്എഫ് ജവാന് (CISF Jawan) മാതാപിതാക്കൾക്കും മകൾക്കും മുന്നിൽ ദാരുണാന്ത്യം (Death). എറണാകുളം മുനമ്പം ചെറായി ചക്കന്തറ വീട്ടിൽ അരവിന്ദാക്ഷന്റെയും സത്യഭാമയുടെയും മകൻ അജേഷ്(36) ആണ് മരിച്ചത്. തുമ്പ വി.എസ്.എസ്.സി.യിലെ സിഐഎസ്എഫ് കോൺസ്റ്റബിളാണ് മരിച്ച അജേഷ്. വ്യാഴാഴ്ച രാവിലെ 6.30-ന് കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ പരശുറാം എക്സ്പ്രസിൽനിന്ന് വീണായിരുന്നു അപകടം. 

Add Asianetnews as a Preferred SourcegooglePreferred

നാട്ടിലുള്ള മാതാപിതാക്കൾ അജേഷിന്റെ തുമ്പയിലുള്ള ക്വാർട്ടേഴ്സിൽ കഴിഞ്ഞദിവസം വന്നിരുന്നു. വ്യാഴാഴ്ച രാവിലെ മടങ്ങിപ്പോകാനായി ഇവരെ അജേഷും രണ്ടാം ക്ലാസുകാരിയായ മകൾ ഹൃദ്യയും ചേർന്നാണ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്. തീവണ്ടിയിൽ അച്ഛനമ്മമാരെ ഇരുത്തിയതിനുശേഷം അജേഷ് ബാഗുകൾ കയറ്റുന്നതിനിടെ വണ്ടി നീങ്ങിത്തുടങ്ങി. പെട്ടെന്ന് തിരിച്ചിറങ്ങിയപ്പോൾ പ്ലാറ്റ്ഫോമിൽ നിൽക്കുകയായിരുന്ന മകളുടെ മുന്നിൽവെച്ച് അജേഷ് കാൽവഴുതി തീവണ്ടിക്കും പ്ലാറ്റ്ഫോമിനുമിടയിൽ വീഴുകയായിരുന്നു.

അടുത്തുണ്ടായിരുന്നവർ ഉടൻ വണ്ടി നിർത്തിച്ച്, അജേഷിനെ പുറത്തെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വി.എസ്.എസ്.സി.യിൽ പൊതുദർശനത്തിനുവെച്ച മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി സംസ്കരിച്ചു. ആര്യയാണ് അജേഷിന്റെ ഭാര്യ.