Asianet News MalayalamAsianet News Malayalam

9,775 രൂപ കൊടുക്കാൻ മടിച്ചു, ഇനി ആ തുകയും 9 ശതമാനം പലിശയും 10,000 നഷ്ടപരിഹാരവും കൊടുക്കണം; ഉത്തരവ്

2022 മാർച്ചിൽ 7881 രൂപ അടവുവരുന്ന ആറു തുല്യതവണ വ്യവസ്ഥയിൽ 47,286 രൂപ പ്രീമിയം വരുന്ന അഞ്ചു ലക്ഷം രൂപയുടെ പോളിസി നിഥീഷ് എടുത്തു. ആദ്യ രണ്ടു തവണ പ്രീമിയം അടച്ചതിനു ശേഷം 2022 നവംബറിൽ മകളുടെ ആശുപത്രി ചികിത്സാർത്ഥം 9775 രൂപയുടെ ആനുകൂല്യം ലഭിക്കാൻ കമ്പനിയെ സമീപിച്ചെങ്കിലും തുക അനുവദിക്കുന്നത് കമ്പനി നിരസിച്ചു.

Claim cannot be rejected due to excess balance insurance premium amount consumer court order btb
Author
First Published Jan 19, 2024, 4:08 PM IST

കോട്ടയം: ഇൻഷുറൻസ് പോളിസി ഉപയോക്താവ് അടയ്ക്കാനുള്ള ബാലൻസ് ഇൻഷുറൻസ് പ്രീമിയം തുക ചികിത്സാചെലവിനേക്കാൾ കൂടുതലായതിനാൽ ഇൻഷുറൻസ് ക്ലെയിം നിരസിക്കാൻ കമ്പനിക്ക് അധികാരമില്ലെന്ന് കോട്ടയം ഉപഭോക്തൃതർക്കപരിഹാര കമ്മീഷൻ ഉത്തരവ്.  മൂഴൂർ സ്വദേശി നിഥീഷ് തോമസ് സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പിനിക്കെതിരേ നൽകിയ പരാതിയിലാണ് ഉത്തരവ്. 

2022 മാർച്ചിൽ 7881 രൂപ അടവുവരുന്ന ആറു തുല്യതവണ വ്യവസ്ഥയിൽ 47,286 രൂപ പ്രീമിയം വരുന്ന അഞ്ചു ലക്ഷം രൂപയുടെ പോളിസി നിഥീഷ് എടുത്തു. ആദ്യ രണ്ടു തവണ പ്രീമിയം അടച്ചതിനു ശേഷം 2022 നവംബറിൽ മകളുടെ ആശുപത്രി ചികിത്സാർത്ഥം 9775 രൂപയുടെ ആനുകൂല്യം ലഭിക്കാൻ കമ്പനിയെ സമീപിച്ചെങ്കിലും തുക അനുവദിക്കുന്നത് കമ്പനി നിരസിച്ചു. ഇതേത്തുടർന്നാണ് നിഥീഷ് ഉപഭോക്തൃതർക്കപരിഹാര കമ്മീഷനെ സമീപിച്ചത്. അടിസ്ഥാനമില്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രലോഭനകരമായ പരസ്യങ്ങളും പോളിസി ഡോക്യുമെന്റേഷനിലൂടെ വാഗ്ദാനങ്ങൾ നൽകിയും ഉപയോക്താവിനെ ആകർഷിച്ച് കബളിപ്പിക്കുന്നത് സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനിയുടെ സേവനന്യൂനതയും ആരോഗ്യ ഇൻഷുറൻസിന്റെ ലക്ഷ്യങ്ങൾക്ക് വിരുദ്ധവുമാണെന്ന് കമ്മീഷൻ കണ്ടെത്തി. 

പോളിസി തവണ വ്യവസ്ഥകളോടെ വാഗ്ദാനം ചെയ്യുമ്പോൾ ഇൻഷുറൻസ് പോളിസി കാലയളവിൽ പോളിസി ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ട്. തവണവ്യവസ്ഥ കാലയളവിൽ ആനൂകൂല്യം ലഭിക്കുന്നതിന് മുഴുവൻ പ്രീമിയം തുകയും മുൻകൂറായി അടയ്ക്കാൻ നിർബന്ധിക്കുന്നത് ആരോഗ്യ ഇൻഷുറൻസ് പോളിസിയുടെ പ്രാഥമിക ലക്ഷ്യത്തിന് വിരുദ്ധമാണെന്നും കമ്മീഷൻ വ്യക്തമാക്കി. ഉയർന്ന കവറേജുള്ള പോളിസികളിൽ പ്രീമിയം ഒന്നിച്ച് മുൻകൂറായി അടയ്ക്കുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കി പോളിസി ഉടമയ്ക്ക് ആശ്വാസമേകുന്നതാണ് തവണകളായി പ്രീമിയം അടയ്ക്കാനുള്ള അനുവാദം. 

2019ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം കരാർ വ്യവസ്ഥകളിലെ ന്യായം ഒരു അടിസ്ഥാനവശമാണെന്നും ഏകപക്ഷീയമായ വ്യവസ്ഥ പ്രത്യേകിച്ച് ഇൻഷുറൻസ് പോളിസികളിൽ പോളിസി ഉടമയുടെ അവകാശങ്ങളിലും ബാധ്യതകളിലും അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നുണ്ടെങ്കിൽ അത് നിയമവിരുദ്ധമായി കണക്കാക്കാവുന്നതാണെന്നും കമ്മീഷൻ നിരീക്ഷിച്ചു. നിഥീഷിന് ആശുപത്രിയിൽ ചെലവായ 9,775 രൂപ 2022 നവംബർ മുതൽ ഒൻപതു ശതമാനം പലിശയോടെ നൽകാനും മാനസികവ്യഥ കണക്കിലെടുത്ത് 10,000 രൂപ നഷ്ടപരിഹാരം നൽകാനും കമ്മീഷൻ പ്രസിഡന്റ് അഡ്വ. വി.എസ്. മനുലാൽ, അംഗങ്ങളായ അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവരടങ്ങിയ കോട്ടയം ഉപഭോക്തൃതർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടു.

ഗണേഷ് കുമാറിന്‍റെ പുതിയ തീരുമാനത്തിൽ ഞെട്ടി യാത്രക്കാർ; കടുത്ത നിരാശയും വിഷമവും തുറന്ന് പറഞ്ഞ് നാട്ടുകാർ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios