കല്‍പ്പറ്റ: തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണികള്‍ സീറ്റ് വീതം വെപ്പിന്റെ തിരക്കിലാണ്. ജയസാധ്യത നോക്കി പ്രമുഖരെ മത്സരിപ്പിക്കാനാണ് എല്ലാ പാര്‍ട്ടികളിലുമുള്ള തീരുമാനം. എന്നാല്‍ സുല്‍ത്താന്‍ബത്തേരി നഗരസഭയിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും മുന്നണി സംവിധാനം വിട്ട് എല്‍ഡിഎഫിലെ പ്രധാന പാര്‍ട്ടിയായ സിപിഐ തനിച്ച് മത്സരിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. സീറ്റ് വിഭജനം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍ഡിഎഫ് യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു. രണ്ടാമത്തെ യോഗമാണ് ഇത്തരത്തില്‍ അലസുന്നത്.

ബത്തേരി നഗരസഭയിലെ രണ്ട് സീറ്റുകള്‍ മാത്രമെ സിപിഐക്ക് അര്‍ഹതയുള്ളുവെന്നാണ് സിപിഎം നിലപാട്. ഇവയിലൊന്നിലാകട്ടെ സ്വതന്ത്ര സ്ഥാനാര്‍ഥി ആയിരിക്കണമെന്ന നിര്‍ബന്ധവും സിപിഎം മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് കുറഞ്ഞത് അഞ്ച് സീറ്റെങ്കിലും വേണമെന്ന നിലപാടാണ് സിപിഐക്ക് ഉള്ളത്.

സിപിഎം മുന്നണി മര്യാദ കാണിക്കാതെ മുന്നോട്ടുപോയാല്‍ 14 വാര്‍ഡുകളില്‍ സിപിഐ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നാണ് സൂചന. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നഗരസഭയിലെ ചില വാര്‍ഡുകളില്‍ ചില്ലറ വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. ഇങ്ങനെയുള്ള വാര്‍ഡുകളിലൊക്കെ സിപിഐ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തിയേക്കും.

ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് ആയ നമ്പിക്കൊല്ലിയില്‍ കഴിഞ്ഞ തവണ സിപിഐ ആണ് മത്സരിച്ചത്. ഇത്തവണ ഇത് സിപിഎമ്മിന് വേണമെന്ന വാദവും തര്‍ക്കത്തിലാണ്. വനിതാസംവരണമായിരുന്ന നമ്പിക്കൊല്ലിയില്‍ സിപിഐ സ്ഥാനാര്‍ഥി 31 വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു. ഇത്തവണ ഇത് ജനറല്‍ വാര്‍ഡ് ആണ്. ഇതിന് പകരം വിജയ സാധ്യത കുറഞ്ഞ സംവരണ ഡിവിഷന്‍ സിപിഐക്ക് നല്‍കാനാണ് ആലോചനയെന്നാണ് നേതാക്കളുടെ പരാതി. 

നമ്പിക്കൊല്ലി സീറ്റ് പിടിച്ചെടുത്താല്‍ ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള 13 സീറ്റുകളിലും സ്വന്തമായി സ്ഥാനാര്‍ഥികളെ നിര്‍ത്തും. ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം മുന്നണിയിലെത്തിയ കേരള കോണ്‍ഗ്രസ് (എം)ന് കൂടുതല്‍ സീറ്റുകള്‍ നല്‍കിയാല്‍ പ്രശ്നം കൂടുതല്‍ വഷളാകാനും സാധ്യതയുണ്ട്. നിലവില്‍ ബത്തേരി നഗരസഭയില്‍ കേരള കോണ്‍ഗ്രസുമായി ചേര്‍ന്ന് ഭരണം നടത്തുകയാണ് എല്‍ഡിഎഫ്.