തൃശൂർ: കടത്തിൽ മുങ്ങിയതിന് തുടര്‍ന്ന് കൊച്ചിൻ ദേവസ്വം ബോർഡ് 18 കോടിയുടെ സ്വർണ്ണം വിൽക്കാൻ നീക്കം.  വരുമാന നഷ്ടത്തെ തുടർന്ന് കൊച്ചിൻ ദേവസ്വം ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതെന്നാണ് വിശദീകരണം. ഈ പ്രതിസന്ധി മറി കടക്കാനാണ് കൈവശമിരിക്കുന്ന സ്വർണ്ണം വിൽക്കാൻ ബോർഡിൽ തത്വത്തിൽ ധാരണയായത്.

എന്നാൽ ഇക്കാര്യത്തിൽ ബോർഡ് അന്തിമ തീരുമാനമെടുത്തിട്ടില്ല. നിയമോപദേശം തേടിയതിൽ അനുകൂലമായാണ് അഭിപ്രായം ലഭിച്ചിട്ടുള്ളത്. ബോർഡ് തീരുമാനിച്ചാലും ഹൈക്കോടതിയുടെ അനുമതി വേണമെന്നതിനാൽ, ഇതിനായുള്ള ശ്രമത്തിലാണ് ബോർഡ്. 

നിലവില്‍ ബാങ്കിലുള്ള സ്വര്‍ണ നിക്ഷേപത്തിന്‍റെ കാലാവധി പൂര്‍ത്തിയായി. കുറഞ്ഞപലിശയാണ് ഇതിന് ഇപ്പോള്‍ ലഭിക്കുന്നത്. അതുകൊണ്ട് നിക്ഷേപം പുതുക്കുന്നതിന് പകരം സ്വര്‍ണം ഉരുക്കി വില്‍പ്പന നടത്താനാണ് ആലോചന. കുറച്ച് സ്വര്‍ണം ചോറ്റാനിക്കര ക്ഷേത്രത്തില്‍ ലോക്കറ്റാക്കിയും വില്‍പ്പന നടത്തുന്നതിനുമാണ് ആലോചിച്ചതെന്ന്  ബോർഡ് പ്രസിഡണ്ട് എ.ബി.മോഹനൻ പറയുന്നു.  

55 കിലോഗ്രാം സ്വർണ്ണമാണ് ആസ്തിയിനത്തിൽ ബാങ്കിലുള്ളതത്രെ.  ഇതിന് പതിനെട്ട് കോടിയിലേറെ വിലമതിക്കും. ഇത് പെന്‍ഷന്‍ നല്‍കുന്നതിനുളള സ്ഥിര നിക്ഷേപമാക്കും. നിഷ്ക്രിയ ആസ്തിയെ ഫലപ്രദമായി വിനിയോഗിക്കാനാണ് ഈ വിധത്തിൽ ആലോചിച്ചതെന്ന് ബോർഡ് പ്രസിഡണ്ട് വിശദീകരിക്കുന്നു. 

എന്നാൽ നിഷ്ക്രിയ ആസ്തിയായുള്ള സ്വർണ്ണത്തിന്‍റെ മറവിൽ ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങൾ അടക്കമുള്ളവ വിൽക്കാനാണ് നീക്കമെന്ന് ഒരു വിഭാഗം ജീവനക്കാരുടെ സംഘടന ആരോപിക്കുന്നു. ബോർഡ് ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലെ വാടക കൃത്യമായി പിരിച്ചെടുക്കാത്തതും ക്ഷേത്രങ്ങളിൽ വരുമാന സാധ്യതകൾ ഉപയോഗപ്പെടുത്താതും ബോർഡിന്‍റെ ധൂർത്തും സാമ്പത്തീക പ്രതിസന്ധിക്ക് കാരണമാണെന്നും ആക്ഷേപമുണ്ട്.