കട്ടപ്പന:  ലേബർ കമ്മീഷണറുടെ ഉത്തരവ് വന്നിട്ടും തോട്ടംതൊഴിലാളിക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകാതെ ഹാരിസൺ മലയാളം പട്ടുമല എസ്റ്റേറ്റ്. മൂന്ന് പതിറ്റാണ്ടോളം എസ്റ്റേറ്റിൽ പണിയെടുത്ത ലക്ഷ്മിയെന്ന തോട്ടം തൊഴിലാളിയെ പെൻഷൻ പ്രായം എത്തുന്നതിന് മുമ്പേ പിരിച്ചുവിട്ടതിന് പുറമേ ആനുകൂല്യങ്ങളും നിഷേധിക്കുന്നുവെന്നാണ് പരാതി. 
 
2014ലാണ് തോട്ടം തൊഴിലാളിയായ ലക്ഷ്മിയെ ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ പട്ടുമല എസ്റ്റേറ്റിൽ നിന്ന് പിരിച്ചുവിട്ടത്.  ഗ്രാറ്റുവിറ്റി അടക്കം എല്ലാ ആനുകൂല്യങ്ങളും നൽകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങൾ കിട്ടാതായപ്പോൾ ലക്ഷ്മി ലേബർ കമ്മീഷണറെ സമീപിച്ചു. പലിശയടക്കം ഗ്രാറ്റുവിറ്റി അനുവദിക്കാൻ ഉത്തരവുമായി. 

എന്നാൽ പണം നല്‍കാന്‍ കമ്പനി തയ്യാറായില്ല. ലക്ഷ്മി വീണ്ടും കമ്പനിക്കെതിരെ കേസ് കൊടുത്തു. പണം കൊടുത്തില്ലെങ്കിൽ എസ്റ്റേറ്റിൽ നിന്ന് റവന്യൂ റിക്കവറി നടത്തി പണമീടാക്കാനായിരുന്നു ലേബർ കമ്മീഷണറുടെ പുതിയ ഉത്തരവ്. തുടര്‍ന്ന്, റവന്യൂ റിക്കവറിക്കെതിരെ കമ്പനി ആറാഴ്ചത്തെ സാവകാശം ഹൈക്കോടതിയിൽ നിന്ന് നേടി.  അതിന്റെ സമയവും ഇപ്പോൾ കഴിഞ്ഞു. എന്നിട്ടും പണം ലക്ഷ്മിക്ക് നല്‍കിയിട്ടില്ല.  കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അതിന്മേല്‍ 
ഉത്തരവ്  വന്നാലേ പണം നൽകേണ്ടതുള്ളൂ എന്നുമാണ് കമ്പനിയുടെ വാദം.