ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പാടശേഖരങ്ങളിലൊന്നാണ് ബൈസൺ വാലി മുട്ടുകാട്ടിലേത്. നൂറ്റമ്പതോളം കര്‍ഷകർ ഇപ്പോഴും നെൽകൃഷി ചെയ്യുന്നു.

ഇടുക്കി: ബൈസൺവാലിയിലെ മുട്ടുകാട് പാടശേഖര സംരക്ഷണത്തിനായി കൃഷിവകുപ്പ് അനുവദിച്ച ലക്ഷങ്ങൾ പഞ്ചായത്ത് വകമാറ്റിയതായി പരാതി. മഴക്കാലത്ത് പാടത്ത് വെള്ളം കയറുന്നത് തടയാൻ കനാൽ നിര്‍മ്മിക്കനുള്ള ഫണ്ടാണ് വകമാറ്റിയത്. കരാറുകാരന്‍ ബില്ല് മാറാൻ എത്തിയപ്പോഴാണ് ഫണ്ടില്ലെന്ന കാര്യം പഞ്ചായത്ത് വ്യക്തമാക്കിയത്.

ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പാടശേഖരങ്ങളിലൊന്നാണ് ബൈസൺ വാലി മുട്ടുകാട്ടിലേത്. നൂറ്റമ്പതോളം കര്‍ഷകർ ഇപ്പോഴും നെൽകൃഷി ചെയ്യുന്നു. മഴ തുടങ്ങുമ്പോൾ പാടശേഖരത്തിനു നടുവിലൂടെ ഒഴുകുന്ന കനാലിൽ നിന്ന് എക്കലും മണ്ണും പാടത്തേക്ക് കയറി കൃഷി നശിക്കുന്നത് പതിവാണ്. ഇതിന് പരിഹാരം കാണാൻ കനാലിൻറെ ഇരുവശവും സംരക്ഷണ ഭിത്തി കെട്ടാൻ തീരുമാനിച്ചു. 

4980000 രൂപ 2017 ൽ കൃഷി വകുപ്പ് അനുവദിച്ചു. ടെണ്ടർ നടപടി പൂർത്തിയാക്കി 2019 ലാണ് നിര്‍മ്മാണം തുടങ്ങിയത്. പണികൾ പകുതിയായപ്പോൾ 2000000 രൂപയുടെ ബില്ലുമായി കരാറുകാരൻ പഞ്ചായത്തിലെത്തി. അപ്പോഴാണ് തുക മറ്റ് പദ്ധതികൾക്കായി വക മാറ്റിയെന്ന കാര്യം പുറത്തറിഞ്ഞത്. ഇതോടെ കരാറുകാരൻ പണികൾ നിര്‍ത്തിവച്ചു.