പൊലീസ് ഡ്രൈവര്‍ ഗവാസ്ക്കർക്കെതിരായ പരാതിയില്‍ എഡിജിപിയുടെ മകളുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. 

കൊച്ചി : രഹസ്യമൊഴി പൊലീസ് ഡ്രൈവര്‍ ഗവാസ്കര്‍ക്കെതിരായ പരാതിയില്‍ എഡിജിപി സുധേഷ് കുമാറിന്‍റെ മകളുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. കാട്ടാക്കട മജിസ്ട്രേട്ട് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. പൊലീസ് ഡ്രൈവർ ഗവാസ്കറിന്‍റെ പരാതിയേ തുടർന്നാണ് കേരളാ പൊലീസിലെ ദാസ്യപ്പണി വിവാദം ഉയർന്നു വന്നത്. 

വലിയ സമ്മർദ്ദം തുടക്കം മുതൽ ഉണ്ടായിരുന്നെങ്കിലും നീതി കിട്ടും വരെ പിന്നോട്ടില്ലെ പൊലീസ് ഡ്രൈവർ ഗവാസ്കറിന്‍റെ നിലപാടാണ് കേസ് ശക്തമാകാന്‍ കാരണം. എഡിജിപി സുധേഷ് കുമാറിന്‍റെ മകളുടെ മർദ്ദനത്തെ തുടർന്ന് ഒൻപത് ദിവസത്തെ ചികിത്സക്ക് ശേഷമാണ് ഗവാസ്ക്കറിന് ആശുപത്രി വിടാന്‍ കഴിഞ്ഞത്. അതേ സമയം ഗവാസ്ക്കാർ അപമര്യാദയായി പെരുമാറിയെന്നും കാലിലൂടെ പൊലീസ് വാഹനം കയറ്റി ഇറക്കിയെന്നും സുധേഷ് കുമാറിന്‍റെ മകൾ ക്രൈം ബ്രാഞ്ചിന് നേരത്തെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ കാലിൽ പരിക്കില്ലെന്നായിരുന്നു ചികിത്സ ഡോക്ടറുടെ മൊഴി. മൊഴിയിലെ വൈരുധ്യം ക്രൈംബ്രാഞ്ച് പരിശോധിച്ചിരുന്നു. ഇതിനിടെയാണ് തന്‍റെ രഹസ്യമൊഴി എടുക്കണന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടത്. 

എന്നാല്‍ ഗവാസ്ക്കറിനെതിരെ എഡിജിപിയുടെ മകള്‍ നല്‍കിയ പരാതിയില്‍ അടുത്ത മാസം നാല് വരെ ഗവാസ്ക്കറെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശിച്ചു. കേസ് ഡയറി ഹാജരാക്കാനും നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. തനിക്കെതിരായ പരാതി വ്യാജമെന്ന് കാട്ടിയാണ് ഗവാസ്ക്കര്‍ കോടതിയെ സമീപിച്ചത്‍. എഡിജിപിയുടെ മകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ബറ്റാലിയന്‍ എഡിജിപി സുദേഷ് കുമാറിന്‍റെ മകള്‍ മര്‍ദിച്ചുവെന്ന് പരാതിപ്പെട്ട പൊലീസ് ഡ്രൈവര്‍ക്കെതിരെ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അസഭ്യം പറയല്‍, സ്‌ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. 

കനക്കകുന്നില്‍ വച്ച് പൊലീസ് ഡ്രൈവറായ ഗവാസ്‌കറെ എഡിജിപിയുടെ മകള്‍ സ്‌നികത മര്‍ദ്ദിച്ചതായി പരാതി ഉയര്‍ത്തിയതിന് പിന്നാലെയാണ് ഗവാസ്ക്കറിനെതിരെ കേസ് എടുത്തത്. എഡിജിപിയുടെ ഭാര്യയേയും മകളേയും പ്രഭാത നടത്തതിനായി ഗവാസ്‌കര്‍ ഔദ്യോഗിക വാഹനത്തില്‍ കനകകുന്നില്‍ എത്തിച്ചപ്പോള്‍ ആയിരുന്നു ഈ സംഭവം. തന്നെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തപ്പോള്‍ എഡിജിപിയുടെ മകള്‍ ആക്രമിച്ചുവെന്നാണ് ഗവാസ്‌കര്‍ മ്യൂസിയം പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതി. മര്‍ദ്ദനത്തെ തുടര്‍ന്ന് ഇയാള്‍ പേരൂര്‍ക്കട താലൂക്കാശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. എന്നാല്‍ പിന്നാലെ സ്‌നികതയും പരാതി നല്‍കുകയായിരുന്നു.