ആലപ്പുഴ: സംഘര്‍ഷങ്ങളില്‍ വീര്‍പ്പുമുട്ടി ചെട്ടികുളങ്ങരയിലെ നാട്ടുകാര്‍. മൂന്ന് മാസം മുന്‍പ് ഇടയശേരിയില്‍ സിപിഎം കൊടിമരം നശിപ്പിച്ചതിന് പിന്നാലെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. കൊടിമരം നശിപ്പിച്ചത് സംബന്ധിച്ച് പരാതി നല്‍കിയ ഡിവൈഎഫ്ഐ ചെട്ടികുളങ്ങര വടക്ക് മേഖല പ്രസിഡന്‍റ് വിനീഷിന്‍റെ വീടിന് നേരെ മൂന്ന് തവണ ആക്രമണം ഉണ്ടായി.  

പ്രദേശത്ത് തുടര്‍ച്ചയായി വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നു. നിസാര കാര്യങ്ങൾ മൂലം ഉണ്ടായ പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയ നിറം ചേർത്ത് പ്രശ്നങ്ങൾ ഗുരുതരമാക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. ചര്‍ച്ചയ്ക്ക് വിളിച്ച പൊലീസുകാരുടെ മുന്നിലും സംഘര്‍ഷം ഉണ്ടായി. പിന്നീട് തുടര്‍ച്ചയായി വീടുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടാവുകയായിരുന്നു.

ഇവിടുത്തെ സിപിഎം - ബിജെപി സംഘർഷത്തിന് പഴക്കം ഏറെയുണ്ട്. നാട്ടിലെ ചെറിയ തർക്കങ്ങൾ പോലും  അതിൽ ഉൾപ്പെടുന്നവരുടെ രാഷ്ട്രീയം അനുസരിച്ച് മാറികൊണ്ടിരിക്കുക്കുകയാണ്. അത് പിന്നീട് രാഷ്ട്രീയ ഏറ്റുമുട്ടലാകുന്നതായും നാട്ടുകാര്‍ പറയുന്നു.  എന്നാൽ ആക്രമണങ്ങൾക്ക് പിന്നിൽ തങ്ങൾക്ക് ബന്ധമില്ലെന്നാണ് സിപിഎം - ബിജെപി നിലപാട്. പ്രശ്നങ്ങള്‍ക്ക് പിന്നില്‍ സാമൂഹ്യ വിരുദ്ധരാണെന്നാണ് പൊലീസ് സംശയം.