കെപിസിസിക്ക് കീഴിലുള്ള റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിനാണ്  ക്യാമ്പയിനിന്‍റെ ചുമതല. മുഖ്യധാര കോണ്‍ഗ്രസില്‍ നില്‍ക്കുന്നവര്‍ക്കപ്പുറം പാര്‍ട്ടി അനുഭാവികളായ സാങ്കേതിക വിദഗ്ദ്ധരായ വരെയാണ് ഇതിലേക്ക് തെരഞ്ഞെടുക്കുന്നത്.

കോട്ടയം: വിവര സാങ്കേതിക വിദ്യകളുടെയും സമൂഹമാധ്യമങ്ങളുടെയും എല്ലാ സാധ്യതകളും ഉപയോഗിച്ച് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെ തുറന്നുകാട്ടാനൊരുങ്ങി കോണ്‍ഗ്രസ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണതലത്തിലെ അഴിമതി, കെടുകാര്യസ്ഥത, സ്വജനപക്ഷപാതം എന്നിവ തുറന്ന് കാണിക്കാനാണ് എക്സ്പോസിങ് പിണറായി A ടു Z എന്ന ക്യാമ്പയിനിലൂടെ ഉദ്ദേശിക്കുന്നത്. ഡിജിറ്റല്‍ മുഖം കൂടുതല്‍ മിനുക്കാനും കോണ്‍ഗ്രസ് ഇതിലൂടെ ശ്രമിക്കുന്നുണ്ട്.

കെപിസിസിക്ക് കീഴിലുള്ള റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിനാണ് ക്യാമ്പയിനിന്‍റെ ചുമതല. മുഖ്യധാര കോണ്‍ഗ്രസില്‍ നില്‍ക്കുന്നവര്‍ക്കപ്പുറം പാര്‍ട്ടി അനുഭാവികളായ സാങ്കേതിക വിദഗ്ദ്ധരായ വരെയാണ് ഇതിലേക്ക് തെരഞ്ഞെടുക്കുന്നത്. നാലു ഘട്ടങ്ങളിലാണ് പ്രവര്‍ത്തനം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണതലത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും അടക്കമുള്ള വിഷയങ്ങള്‍ അന്വേഷിച്ചും പഠിച്ചും ജനങ്ങള്‍ക്കു മുന്നില്‍ എത്തിക്കുക എന്നതാണ് ആദ്യത്തേത്.

A മുതൽ Z വരെയുള്ള അക്ഷരമാലാക്രമത്തിൽ 26 മുതൽ 30 വരെ എപ്പിസോഡുകളിലായി കോൺഗ്രസിലെ വിവിധ നേതാക്കളാണ് ഈ വിഷയം വീഡിയോ പരമ്പരയായി അവതരിപ്പിക്കുക. പ്രഫഷണല്‍ കോണ്‍ഗ്രസ് നിലവിൽ വന്നപ്പോൾ അതിന്‍റെ നേതൃസ്ഥാനത്തുണ്ടായിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറി ഡോ. മാത്യു കുഴല്‍നാടന്‍ തന്നെയാണ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് വിഭാഗത്തിന്റെയും ചുമതലക്കാരന്‍. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ പുതിയ വിപ്ലവത്തിനാണ് കെപിസിസി തയാറെടടുക്കുന്നതെന്ന് മാത്യു കുഴല്‍നാടന്‍ വിശദമാക്കുന്നു.