മര്‍ദ്ദനത്തില്‍ പരിക്കേറ്റ കോണ്‍ഗ്രസ് ചേര്‍പ്പ് ബ്ലോക്ക് സെക്രട്ടറി പ്രിയന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്‍റ് സൂരജ് എന്നിവരെ തൃശൂരിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൃശൂര്‍: തൃശൂര്‍ പെരിഞ്ചേരിയില്‍ ചുവരെഴുത്തിനെച്ചൊല്ലി കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷം. രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകരെ പ്രതിയാക്കി പൊലീസ് കേസെടുത്തു. സിപിഎം നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണെന്നും നെടുപുഴ പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രിയായിരുന്നു സംഭവം. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും നയിക്കുന്ന സമരാഗ്നിയുടെ പ്രചരണാര്‍ഥം ചുവരെഴുത്തിനിറങ്ങിയതായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ചുവരെഴുതുന്നത് പ്രദേശത്തെ ക്ലബ്ബിലുണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ കോണ്‍ഗ്രസ് ചേര്‍പ്പ് ബ്ലോക്ക് സെക്രട്ടറി പ്രിയന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്‍റ് സൂരജ് എന്നിവരെ തൃശൂരിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ സിപിഎം പ്രാദേശിക നേതാക്കളായ ഷെല്‍റ്റന്‍, രാജന്‍ എന്നിവര്‍ക്കെതിരെ നെടുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന സിപിഎം പ്രവര്‍ത്തകരുടെ പരാതിയില്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.