സംഘത്തിന്റെ നാള്‍വഴിയിലും ലഡ്ജറിലും ക്യാഷ് ബുക്കിലും വരവ് ഇനങ്ങള്‍ രേഖപ്പെടുത്താതിരിക്കുകയും ബാങ്ക് അക്കൗണ്ടില്‍ കൃത്യമായി പണം നിക്ഷേപിക്കാതെ സെക്രട്ടറിയും പ്രസിഡന്റും സ്വന്തം ഇഷ്ടപ്രകാരം പണം വിനിയോഗിച്ചതുവഴി ഗുരുതരമായ സാമ്പത്തിക വീഴ്ചയാണ് വരുത്തിയിരിക്കുന്നതെന്ന് കണ്ടെത്തി. ഭരണസമിതി അംഗത്തിനെ സംഘം ജീവനക്കാരായി നിയമിക്കുന്നതിന് ചട്ടം അനുവദിക്കുന്നില്ല
കായംകുളം: പത്തിയൂര്‍ക്കാല ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തില്‍ ലക്ഷങ്ങളുടെ സാമ്പത്തിക അഴിമതി. ഭരണ സമിതി അംഗങ്ങളും ജീവനക്കാരും സഹകരണ നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പ്പറത്തി തന്നിഷ്ടപ്രകാരം ലക്ഷങ്ങള്‍ കൊള്ളയടിച്ചു സംഘത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കി. സംഘത്തിലെ ഉല്‍പ്പാദകര്‍ക്ക് കുടിശിക വരുത്തി സംഘത്തിന്റെ തനത് ഫണ്ട് ഭരണസമിതി അംഗങ്ങള്‍ ഇഷ്ടക്കാര്‍ക്ക് വീതം വെച്ച് നല്‍കിയതായാണ് ക്ഷീരവികസന വകുപ്പിലെ അന്വേ ണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്.
സംഘത്തിന്റെ നാള്‍വഴിയിലും ലഡ്ജറിലും ക്യാഷ് ബുക്കിലും വരവ് ഇനങ്ങള്‍ രേഖപ്പെടുത്താതിരിക്കുകയും ബാങ്ക് അക്കൗണ്ടില്‍ കൃത്യമായി പണം നിക്ഷേപിക്കാതെ സെക്രട്ടറിയും പ്രസിഡന്റും സ്വന്തം ഇഷ്ടപ്രകാരം പണം വിനിയോഗിച്ചതുവഴി ഗുരുതരമായ സാമ്പത്തിക വീഴ്ചയാണ് വരുത്തിയിരിക്കുന്നതെന്ന് കണ്ടെത്തി. ഭരണസമിതി അംഗത്തിനെ സംഘം ജീവനക്കാരായി നിയമിക്കുന്നതിന് ചട്ടം അനുവദിക്കുന്നില്ല.
എന്നാല്‍ ഇവിടെ ഭരണസമിതി അംഗമായ എസ് പ്രീതയെ 3500 രൂപ ശമ്പളത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ 2016 ല്‍ നിയമിക്കുകയും 4500 രൂപ ശമ്പളം ഇപ്പോള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. സംഘത്തില്‍ പെയ്ഡ് സെക്രട്ടറി ഉണ്ടെങ്കിലും ക്യാഷ് ബുക്കിന്റെയും അനുബന്ധ രജിസ്റ്ററിന്റെയും ചുമതല പ്രസിഡന്റ് ഏറ്റെടുത്തത് നിയമവിരുദ്ധമായാണ്. സംഘത്തിന്റെ തനത് ഫണ്ടില്‍ നിന്നും 75,000 രൂപ മൂന്ന് ഭരണസമിതി അംഗങ്ങളായ അരുണ്‍, രാജലക്ഷ്മി, പ്രീത എന്നിവര്‍ക്ക് പശുവിനെ വാങ്ങാന്‍ നല്‍കുകയും പ്രീത, രാജേന്ദ്രന്‍, രാമചന്ദ്രന്‍ എന്നിവര്‍ക്ക് 10,000 രൂപ വീതം ലോണ്‍ നല്‍കുകയും ചെയ്തു.
കാലിത്തീറ്റ ഇഷ്ടക്കാര്‍ക്ക് കടം നല്‍കിയ ഇനിത്തില്‍ 6.5 ലക്ഷത്തില്‍ അധികം രൂപ സംഘത്തിന് നഷ്ടം വരുത്തിയിട്ടുണ്ട്. ബാങ്കില്‍ നിന്നും പണം പിന്‍വലിക്കുയും അത് ക്യാഷ് ബുക്കില്‍ രേഖപ്പെടുത്താതിരിക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണസംഘം ഭരണസമിതിയോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസും നല്‍കി. ക്ഷീരവികസന വകുപ്പ് സംഘത്തിന് നഷ്ടം വരുത്തിയ ഭരണസമിതിയെ പിരിച്ചുവിടുകയും നഷ്ടമായ തുക ഇവരില്‍ നിന്നും ഈടാക്കുകയും ചെയ്യുമെന്നാണ് അറിയുന്നത്.
