മലപ്പുറം: മാലിന്യം തള്ളുന്നതും കത്തിക്കുന്നതും ചോദ്യം ചെയ്ത കൗൺസിറെ യുവാവ് മർദിച്ചതായി പരാതി. തിരൂർ മുനിസിപ്പൽ ഭരണസമിതിയിലെ മുൻ നഗരസഭാ ചെയർപേഴ്‌സണും 37 -ാം വാർഡ് കൗൺസിലറുമായ  മുനീറ കിഴക്കാംകുന്നത്തിനെ നേരെയാണ്  ആക്രമണമുണ്ടായത്. 

യുവാവിനെ സംഭവസ്ഥലത്ത് നിന്നു തന്നെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂർ സ്വദേശി ഷിഹാബിനെയാണ്  അറസ്റ്റ് ചെയ്തത്. പിന്നിൽ നിന്ന് തള്ളിയിടുകയും കൈ പിടിച്ച് ഒടിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. അപ്പോഴേക്കും ബഹളം കേട്ട് എത്തിയ പ്രദേശവാസികളാണ് ഇവരെ തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചത്. 

കൈയ്ക്ക് സാരമായി പരിക്കേറ്റ ഇവരെ വിദഗ്ധ ചികിത്സക്കായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കേസെടുത്ത് അന്വേഷണം നടന്നു വരുകയാണെന്ന് തിരൂർ എസ് ഐ ജലീൽ കറുത്തേടത്ത് പറഞ്ഞു.