തിരുവനന്തപുരം: മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഇളവിന് പിന്നാലെ തിരുവനന്തപുരത്തെ മൊത്ത വിതരണ മാര്‍ക്കറ്റായ ചാല സാവധാനം സാധാരണ നിലയിലേക്ക്. എല്ലാ കടകളും ഇന്ന് തുറന്നു. തിരക്ക് കണക്കിലെടുത്ത് കര്‍ശനമായ  സുരക്ഷാ നിര്‍ദ്ദേശങ്ങളോടെയാണ് മാർക്കറ്റിലെ കടകൾ തുറക്കാൻ അനുമതി നൽകിയത്.

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക്  മാത്രമാണ് നേരത്തെ പ്രവർത്തനാനുമതി ഉണ്ടായിരുന്നത്. ശക്തമായ നിയന്ത്രണങ്ങളോടെ കടകൾ തുറന്നിട്ടും തിരക്ക് നിയന്ത്രിക്കാനാവാതെ വന്നതോടെ പലപ്പാഴും പൊലീസിന് ഇടപെടേണ്ടി വന്നിരുന്നു. 

മൂന്നാം ഘട്ടത്തിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ മിക്ക കടകളും തുറന്നു. ഒറ്റ നിലയിൽ പ്രവർത്തിക്കുന്ന തുണികടകളും ചെരുപ്പ് ,ഫാൻസി കടകളും  ഹാർഡ് വെയർ കടകളും അടക്കം ഇന്ന്  തുറന്നു. എല്ലാ കടകളും അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കിയതിൻ ശേഷമ മാത്രമാണ് കച്ചവടം തുടങ്ങിയത്. ശക്തമായ സുരക്ഷ മുൻകരുതലുകളോടൊപ്പം കടുത്ത ഗതാഗത നിയന്ത്രണങ്ങളും ചാലയിൽ നടപ്പിലാക്കിയിട്ടുണ്ട്.

ചരക്ക് വാഹനങ്ങൾക്ക് മാത്രമേ മാ‍ക്കറ്റിനുളളിലേക്ക് പ്രവേശനമുളളൂ. പൊതുജനങ്ങൾക്ക് കിഴക്കേക്കോട്ട വഴി നടന്ന് മാത്രമേ മാർ‍ക്കറ്റിലേക്ക് പ്രവേശിക്കാനാവൂ. ഇവരുടെ വാഹനങ്ങൾ മാർക്കറ്റിന് പുറത്ത് നിർത്തിയിടണം. നിയന്ത്രണങ്ങളോടെയാണെങ്കിലും കടകൾ തുറന്നതിന്‍റെ ആശ്വാസത്തിലാണ് കച്ചവടക്കാരും ഉപഭോക്താക്കളും . 

സാമൂഹിക അകലവും മാസ്ക്കും അടക്കമുളള സുരക്ഷ മുൻകരുതലുകലോടൊപ്പം തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ ടോക്കണ്‍ സംവിധാനം ഉൾപ്പെടുത്തുന്നതും പുതിയ കൗണ്ടറുകൾ സജ്ജീകരിക്കുന്നതടക്കമുളള ക്രമീകരണങ്ങൾ ഒരുക്കാനും വ്യാപാരികൾക്ക് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്