കല്‍പ്പറ്റ: പുല്‍പ്പള്ളി മേഖലക്ക് ആശ്വാസമായി കണ്ടൈന്‍മെന്‍റ് സോണുകളായിരുന്നയിടങ്ങളില്‍ ഇളവ്. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡ് ഒഴികെയുള്ള എല്ലാ വാര്‍ഡുകളെയും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് ഒഴിവാക്കി ജില്ല കലക്ടര്‍ ഉത്തരവായി. നാലാം വാര്‍ഡായ അത്തിക്കുനിയില്‍ നിയന്ത്രണങ്ങള്‍ തുടരും. 

ഇവിടെ ഗ്രാമപ്പഞ്ചായത്തംഗത്തിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന 74 പേരില്‍ തിങ്കളാഴ്ച നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. ശനിയാഴ്ച 58 പേരുടെ സാമ്പിള്‍ പരിശോധിച്ചതിലും എല്ലാം നെഗറ്റീവ് ആയിരുന്നു. ഇതോടെ മേഖലയില്‍ നിലനിന്നിരുന്ന സമൂഹവ്യാപന ആശങ്കയ്ക്ക് നേരിയ അയവായി. കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഗ്രാമപ്പഞ്ചായത്തംഗത്തിന്റെ പരിശോധനാഫലം നെഗറ്റീവ് ആയതോടെ തിങ്കളാഴ്ച രാത്രി ആശുപത്രിവിട്ടു. 

രണ്ടാഴ്ചയായി കണ്ടെയിന്‍മന്റ് സോണില്‍ തുടരുന്ന പുല്‍പ്പള്ളിയെയും മുള്ളന്‍കൊല്ലിയെയും ഒഴിവാക്കുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാരും വ്യാപാരികളുമെങ്കിലും പുല്‍പ്പള്ളി പഞ്ചായത്തിലെ നിയന്ത്രണങ്ങള്‍ മാത്രമാണ് നീക്കിയിരിക്കുന്നത്. അതേ സമയം നിയന്ത്രണങ്ങള്‍ക്കിടയിലും ടൗണിലെ ബാങ്കുകളിലെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാന്‍ ഒരു നടപടിയും ബന്ധപ്പെട്ടവര്‍ സ്വീകരിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. 

കനറാ, സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖകളിലാണ് തിരക്ക് അനിയന്ത്രിതമായി തുടരുന്നത്. ടൗണിലെ എ.ടി.എമ്മുകളില്‍ ദിവസങ്ങളായി പണമില്ലാത്തതാണ് ബാങ്കുകളില്‍ തിരക്ക് അതിരൂക്ഷമാകാന്‍ കാരണമെന്നാണ് വിവരം. സാമൂഹിക അകലം പാലിക്കാതെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബാങ്കിലെത്തിയവര്‍ വരി നിന്നിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.