Asianet News MalayalamAsianet News Malayalam

പുസ്തകവും വായിക്കാം പാട്ടും കേൾക്കാം; ഇനി കൊവിഡ് രോ​ഗികൾക്ക് മാനസികോല്ലാസത്തോടെ ചികിത്സയില്‍ കഴിയാം

ഐസൊലേഷന്‍ വാര്‍ഡുകളിലെ താമസം രോഗികളില്‍ ചിലരെയെങ്കിലും മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കു അടിമപ്പെടുത്തുന്നുണ്ടെന്ന കണ്ടെത്തല്‍ ആശുപത്രി അധികൃതരെ വേറിട്ടൊരു വാര്‍ഡെന്ന തീരുമാനത്തിൽ എത്തിക്കുകയായിരുന്നു. 

covid patients can enjoy music read books and be mentally treated
Author
Thiruvananthapuram, First Published Jun 24, 2020, 7:06 PM IST

തിരുവനന്തപുരം: കൊവിഡ് വാര്‍ഡുകളിലെ രോഗികള്‍ക്ക് ഇനി മുതല്‍ സംഗീതം ആസ്വദിച്ചും പുസ്തകം വായിച്ചും മാനസികോല്ലാസത്തോടെ ചികിത്സയില്‍ കഴിയാം. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ പുതിയ വാര്‍ഡുകളിലെ സംവിധാനങ്ങളാണ് രോഗികളില്‍ ഗൃഹാതുരത്വമേകുന്ന തരത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. 

ഐസൊലേഷന്‍ വാര്‍ഡുകളിലെ താമസം രോഗികളില്‍ ചിലരെയെങ്കിലും മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കു അടിമപ്പെടുത്തുന്നുണ്ടെന്ന കണ്ടെത്തല്‍ ആശുപത്രി അധികൃതരെ വേറിട്ടൊരു വാര്‍ഡെന്ന തീരുമാനത്തിൽ എത്തിക്കുകയായിരുന്നു. ആശുപത്രി അധികൃതരിലുദിച്ച ആശയത്തിന് ആരോഗ്യ വകുപ്പുമന്ത്രി കെ കെ ശൈലജ ടീച്ചറുടെ പിന്തുണ കൂടി ലഭിച്ചതോടെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ സാറാ വര്‍ഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ ജോബിജോണ്‍, ഡോ സുനില്‍കുമാര്‍, ആര്‍എംഒ ഡോ. മോഹന്‍ റോയ് എന്നിവര്‍  ഉള്‍പ്പെടെയുള്ളവര്‍ പദ്ധതി എത്രയും വേഗം പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
 
നിശ്ചിത ദിവസങ്ങൾക്കുള്ളില്‍ തന്നെ 50 കിടക്കകള്‍ വീതമുള്ള മൂന്ന് വാര്‍ഡുകളെ തികച്ചും രോഗീ സൗഹൃദത്തിന്‍റെ പ്രതീകങ്ങളായി മാറ്റി. ഓരോ വാര്‍ഡിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എഫ്എം ചാനല്‍ ഉള്‍പ്പെടെയുള്ള മ്യൂസിക് സംവിധാനങ്ങള്‍, മൈക്ക്, പുസ്തക വായന താത്പര്യമുള്ളവര്‍ക്കായി ലൈബ്രറി എന്നിവയ്ക്കൊപ്പം വാര്‍ഡുകള്‍ പെയിന്‍റ് ചെയ്ത് നവീകരിക്കുകയും പുതിയ കിടക്കകള്‍, യൂറോപ്യന്‍ ക്ലോസെറ്റ് എന്നിവ സ്ഥാപിക്കുകയും ചെയ്തു.

കൊവിഡ് രോഗികള്‍ക്കായുള്ള ചികിത്സാ സംവിധാനമൊരുക്കിയ ആദ്യഘട്ടത്തില്‍ സമ്പര്‍ക്ക ഒഴിവാക്കാനായി കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം കെഎച്ച്ആര്‍ഡബ്ല്യൂഎസിലെ പേവാര്‍ഡുകളിലാണ് ഐസൊലേഷന്‍ മുറികള്‍ തയ്യാറാക്കിയിരുന്നത്. മുറികളില്‍ ഒറ്റപ്പെട്ട് താമസിക്കുന്ന സാഹചര്യത്തിലാണ് രോഗികളില്‍ മാനസിക പിരിമുറുക്കമേറുന്നതായി ചികിത്സകരുടെ ശ്രദ്ധയില്‍പെട്ടത്. അതിനു പരിഹാരമായാണ് നവീകരിച്ച വാര്‍ഡുകളില്‍ രോഗികള്‍ക്ക് മാനസികമായി സന്തോഷം പകരുന്ന അന്തരീക്ഷത്തില്‍ ചികിത്സ നല്‍കുവാന്‍ അധികൃതര്‍ തീരുമാനിച്ചത്. 14, ആറ്, അഞ്ച് വാര്‍ഡുകളാണ് ഇപ്പോള്‍ നവീകരിച്ചിരിക്കുന്നത്. പുതിയ രോഗികള്‍ എത്തുന്ന മുറയ്ക്ക് അഞ്ച് വാര്‍ഡുകള്‍ കൂടി ഇത്തരം സൗകര്യങ്ങളോടെ നവീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios