ദേവികുളം ഗ്രാമപഞ്ചായത്തിലെ സ്ഥിതിയും മറ്റൊന്നല്ല. 32 ലക്ഷത്തോളം രൂപയുടെ പദ്ധതികളാണ് കൃഷി ഓഫീസര്‍ കെ ഡി ബിജുവിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്നത്. 

ഇടുക്കി: സുഭിക്ഷ കേരളം പദ്ധതി ഏറ്റെടുത്ത് പാര്‍ട്ടി പ്രവര്‍ത്തകരും. കന്തല്ലൂര്‍ പഞ്ചായത്തില്‍ 20 ഏക്കര്‍ ഭൂമിയിലാണ് സിപിഐയുടെ നേതൃത്വത്തില്‍ നെല്‍കൃഷിയിറക്കിയിരിക്കുന്നത്. പാട്ടത്തിനെടുത്ത ഭൂമിയിലാണ് നെല്‍കൃഷി നടത്തുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മൂന്നാര്‍ മണ്ഡലം സെക്രട്ടറി പി പളനിവേല്‍ നിര്‍വ്വഹിച്ചു. കൊവിഡ് പ്രതിസന്ധിയില്‍ കാര്‍ഷിക ഉല്പന്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ജനങ്ങള്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി മൂന്നാര്‍ ദേവികുളം പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പച്ചക്കറി വിത്ത് വിതരണം നടത്തുകയും ചെയ്തു. 

മൂന്നാറിലെ 21വര്‍ഡുകളില്‍ 8 വര്‍ഡുകളൊഴികെ മറ്റെല്ലായിടത്തും പച്ചക്കറി കൃഷി വ്യാപകമായി നടക്കുകയാണ്. ചട്ടംമൂന്നാര്‍, തലയാര്‍, ലക്ഷമി, ചൊക്കനാട്, ഇരവികുളം, പെരിയവാര, വാഗുവാര, ലക്കം, കന്നിമല, നല്ലതണ്ണി, കടലാര്‍, കല്ലാര്‍, രാജമല എന്നിവിടങ്ങളില്‍ അടുക്കളത്തോട്ടങ്ങള്‍ കേന്ദ്രീകരിച്ചാണ് കൃഷി നടക്കുന്നത്. 2911 ഫല വൃക്ഷങ്ങളും, അമ്പതിനായിരത്തോളം പച്ചക്കറി തൈകളും ഇതിനോടകം മൂന്നാര്‍ കൃഷി ഓഫീസര്‍ ഗ്രീഷ്മയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു കഴിഞ്ഞു. 

ദേവികുളം ഗ്രാമപഞ്ചായത്തിലെ സ്ഥിതിയും മറ്റൊന്നല്ല. 32 ലക്ഷത്തോളം രൂപയുടെ പദ്ധതികളാണ് കൃഷി ഓഫീസര്‍ കെ ഡി ബിജുവിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്നത്. കുണ്ടളകുടിയില്‍ മുപ്പതുവര്‍ഷമായി അന്യം നിന്നുപോയ റാഗി കൃഷി 100 ഏക്കററോളം ഭൂമിയില്‍ വീണ്ടും ആരംഭിച്ചിട്ടുണ്ട്. 18 വര്‍ഡുകളില്‍ 8 വര്‍ഡുകളിലാണ് ഏറ്റവുമധികം കൃഷി നടക്കുന്നത്. എല്ലപ്പെട്ടി, ചിറ്റിവാര, ചെണ്ടുവാര, സാന്റോസ് കോളനി, സെലന്റുവാലി, ഗൂഡാര്‍വിള എന്നിവിടങ്ങളിലാണ് ഏറ്റവുമധികം കൃഷിയുള്ളത്. 

കാരറ്റ്, മൊട്ടക്കോസ്, ബിന്‍സ്, ചീര തുടങ്ങിയ കൃഷിയാണ് എസ്റ്റേറ്റുകള്‍ കേന്ദ്രീകരിച്ച് നടക്കുന്നത്. ആദ്യമായാണ് ഒരു പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കാന്തല്ലൂരില്‍ ഇത്രയധികം ഭൂമിയില്‍ നെല്‍കൃഷി ആരംഭിച്ചിരിക്കുന്നത്. തരിശ് ഭൂമികള്‍ ക്യഷി ഭൂമിയാക്കി മാറ്റാന്‍ നേതാക്കളുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രയത്നങ്ങൾക്ക് കൃഷി വകുപ്പിന്റെ സഹകരണവുമുണ്ട്. പാടശേഖര കമ്മറ്റി രൂപീകരിച്ചാണ് പാര്‍ട്ടി സുഭിക്ഷ കേരളത്തിന്റെ ഭാഗമാകുന്നത്. പാര്‍ട്ടി ലോക്കല്‍ കമ്മറ്റി സെക്രട്ടറി ജോര്‍ജ്ജ്, പഞ്ചായത്ത് പ്രസിഡന്റ് മല്ലിക ഗോവിന്ദരാജ്, പഞ്ചായത്ത് സെക്രട്ടറി സന്തോഷ് എന്നവര്‍ പരുപാടിയില്‍ പങ്കെടുത്തു.