സിൽവർലൈൻ വിഷയത്തില്‍ നടക്കുന്ന നാട്ടുകാരുടെ പ്രതിഷേധം തന്നെയാണ് വേദി തകർത്തതിന് പിന്നിലെ കാരണമെന്നുള്ള പ്രചാരണം നടക്കുന്നുണ്ട്. പക്ഷേ, പൊലീസും സിപിഎമ്മും ഇത് നിഷേധിക്കുന്നു
ആലപ്പുഴ: പ്രതിഷേധം അലയടിക്കുന്ന സിൽവർലൈൻ (Silver Line) വിഷയത്തില്‍ സിപിഎം (CpiM) സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിന്റെ വേദി തകർത്തു. വെൺമണി പുന്തലയിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരം കായംകുളം എംഎല്‍എ യു പ്രതിഭയാണ് യോഗം ഉദ്ഘാടനം ചെയ്തത്. ഇതിന് ശേഷം എല്ലാവരും മടങ്ങിക്കഴിഞ്ഞാണ് വേദി തകര്‍ക്കപ്പെട്ടത്. വേദിയിലുണ്ടായിരുന്ന കസേരകൾ ഉള്‍പ്പെടെ നശിപ്പിച്ച നിലയിലാണുള്ളത്.
അതേസമയം, സിൽവർലൈൻ വിഷയത്തില്‍ നടക്കുന്ന നാട്ടുകാരുടെ പ്രതിഷേധം തന്നെയാണ് വേദി തകർത്തതിന് പിന്നിലെ കാരണമെന്നുള്ള പ്രചാരണം നടക്കുന്നുണ്ട്. പക്ഷേ, പൊലീസും സിപിഎമ്മും ഇത് നിഷേധിക്കുന്നു. മദ്യലഹരിയിൽ പ്രദേശവാസി നടത്തിയ അതിക്രമത്തിലാണ് വേദി തകര്‍ന്നതെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. ഇത് പൊലീസും ശരിവെയ്ക്കുന്നുണ്ട്. ഇയാളെ താക്കീത് നല്‍കി വിട്ടയച്ചെന്നുമാണ് സിപിഎമ്മിന്‍റെ വിശദീകരണം.
അതേസമയം, സില്‍വര്‍ ലൈൻ കെ റെയിൽ പദ്ധതിയിൽ ഭരണഘടനാ വിരുദ്ധമായി എന്തെങ്കിലും കണ്ടാൽ ഇടപെടുമെന്ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗവർണർ നിയമനം സംബന്ധിച്ച സ്വകാര്യ ബില്ലിൽ പ്രതികരിക്കാൻ ഗവർണർ തയ്യാറായില്ല. ബില്ല് അവതരിപ്പിക്കാൻ എല്ലാ അംഗങ്ങൾക്കും അവകാശം ഉണ്ടെന്ന നിലപാടിലാണ് ഗവർണർ.
സംസ്ഥാനങ്ങളിലെ ഗവർണർ നിയമനത്തിൽ ഭരണഘടനാ ഭേദഗതി നിർദ്ദേശിച്ച് രാജ്യസഭയിൽ സിപിഎമ്മാണ് സ്വകാര്യ ബിൽ അവതരിപ്പിച്ചത്. സംസ്ഥാത്ത് സര്‍ക്കാരും സിപിഎം ഗവർണറുമായി കൊമ്പുകോര്‍ക്കുന്ന പശ്ചാത്തലത്തിലാണ് നിയമന വിഷയം ദേശീയ തലത്തില്‍ സിപിഎം ചര്‍ച്ചയാക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലും അതതിടത്തെ എംഎൽഎമാർ, തദ്ദേശ സ്വയം ഭരണ പ്രതിനിധികൾ എന്നിവർ ചേർന്ന് ഗവർണറെ തെരഞ്ഞെടുക്കണമെന്ന ഭേദഗതി നിർദ്ദേശമാണ് സിപിഎം എംപി വി ശിവദാസൻ അവതരിപ്പിച്ചത്. 153, 155, 156 അനുച്ഛേദങ്ങൾ ദേദഗതി ചെയ്യാനുള്ള നിർദേശങ്ങളാണ് ബില്ലിലുള്ളത്.
