കോഴിക്കോട്-കൊല്ലഗൽ ദേശീയപാത 766 ലെ ടാറിങ് കഴിഞ്ഞ ഉടനെ വിള്ളൽ വന്ന ഭാഗങ്ങൾ പൊളിച്ച് മാറ്റി റീ ടാറിങ് തുടങ്ങി. ക്രമക്കേട് നടന്ന ഭാഗം കഴിഞ്ഞ ദിവസം പൂർണമായും പൊളിച്ചുനീക്കിയിരുന്നു.
കോഴിക്കോട്: കോഴിക്കോട്-കൊല്ലഗൽ ദേശീയപാത 766 ലെ ടാറിങ് കഴിഞ്ഞ ഉടനെ വിള്ളൽ വന്ന ഭാഗങ്ങൾ പൊളിച്ച് മാറ്റി റീ ടാറിങ് തുടങ്ങി. ക്രമക്കേട് നടന്ന ഭാഗം കഴിഞ്ഞ ദിവസം പൂർണമായും പൊളിച്ചുനീക്കിയിരുന്നു.
നിർമ്മാണത്തിലെ ക്രമക്കേട് സംബന്ധിച്ച് മജിദ് താമരശ്ശേരി, നവാസ് പ്ലാപ്പറ്റ തുടങ്ങിയവർ മുഖ്യമന്ത്രിക്കും, വിജിലൻസിനും, ബന്ധപ്പെട്ട അധികാരികൾക്കും പരാതി നൽകിയിരുന്നു. മാധ്യമങ്ങളും വാർത്ത നൽകിയിരുന്നു. വിവിധ യുവജന സംഘടനകൾ സമരരംഗത്ത് ഇറങ്ങുകയും ചെയ്തു. തുടർന്ന് പൊളിച്ച ഭാഗം ഉടൻ റീ ടാറിങ് ചെയ്യുമെന്ന് അധികൃതർ അറിയിക്കുകയായിരുന്നു.
നാഥ് കൺസ്ട്രഷക്ഷൻസായിരുന്നു റോഡ് പ്രവൃത്തി നടത്തിയത്. നിർമ്മാണം കഴിഞ്ഞ ഉടനെ തന്നെ റോഡിൽ വ്യാപകമായി പൊട്ടിപൊളിഞ്ഞ് വിള്ളൽ സംഭവിക്കുകയായിരുന്നു. പൊതുമരാമത്ത് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് റീ ടാറിങ് പ്രവൃത്തികൾ പുരോഗമിക്കുന്നത്.
കോഴിക്കോട് നിന്ന് ബെംഗളൂരു, മൈസൂർ, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പ്രധാന പാതയാണിത്.
നിയന്ത്രണങ്ങളോടെ ഒറ്റ വരിയായാണ് വാഹനങ്ങൾ ഇതുവഴി ഇന്ന് കടത്തിവിടുന്നത്. റോഡിൽ വിള്ളൽ വീണ മറ്റ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ആ ഭാഗം മാത്രം നീക്കം ചെയ്ത് വീണ്ടും ടാറിങ് നടത്തുമെന്നും അധികൃതർ അറിയിച്ചു.
