തിരുവനന്തപുരത്തെ തൈക്കാട് ശ്മശാനത്തില്‍ ശവസംസ്‌കാരത്തിന് സമയം ബുക്ക് ചെയ്ത് ദിവസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയാണെന്ന് പരാതിയുണ്ട്. 

തിരുവനന്തപുരം: കൊവിഡ് ബാധിതരുടേതുള്‍പ്പെടെയുള്ള മരണങ്ങള്‍ കൂടിയതോടെ തിരുവനന്തപുരത്തെ ശ്മശാനങ്ങളില്‍ ശവസംസ്‌കാരത്തിനുള്ള സംവിധാനം അപര്യാപ്തമായതിനെ തുടര്‍ന്ന് താല്‍ക്കാലിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ജില്ലാകലക്ടര്‍ അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

തിരുവനന്തപുരത്തെ തൈക്കാട് ശ്മശാനത്തില്‍ ശവസംസ്‌കാരത്തിന് സമയം ബുക്ക് ചെയ്ത് ദിവസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയാണെന്ന് പരാതിയുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിനം 20 ഓളം കൊവിഡ് ബാധിതരുടെ മൃതദേഹങ്ങളാണ് തൈക്കാട് ശ്മശാനത്തില്‍ സംസ്‌കരിക്കുന്നത്. 24 മൃതദേഹങ്ങളാണ് നാലു ഫര്‍ണസുകളിലായി സംസ്‌കരിക്കാന്‍ കഴിയുന്നത്. തുടര്‍ച്ചയായ ഉപയോഗം കാരണം യന്ത്രങ്ങള്‍ മന്ദഗതിയിലായെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം നഗരസഭക്ക് തൈക്കാട് മാത്രമാണ് ശ്മശാനമുള്ളത്. മറ്റുള്ളവ സമുദായ സംഘടനകളുടെ ശ്മശാനങ്ങളാണ്. ഈ സാഹചര്യത്തിലാണ് പകരം സംവിധാനം വേണമെന്ന് ആവശ്യമുയരുന്നത്. കേസ് മെയ് 28ന് പരിഗണിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona