കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസിന് കൈമാറിയെന്ന സംശയത്തിലാണ് ആക്രമിക്കാനത്തിയത്

കായംകുളം: കൃഷ്ണപുരത്ത് അമ്മയുടെ മുന്നിലിട്ട് 17 കാരനായ വിദ്യാര്‍ഥിയെ വെട്ടിയ സംഭവത്തിനു പിന്നില്‍ കഞ്ചാവ് മാഫിയ. വിദ്യാര്‍ഥിയുടെ സഹോദരന്‍ പൊലീസിന് തങ്ങളെ ഒറ്റിക്കൊടുത്തുവെന്ന സംശയമാണ് അക്രമത്തിനു കാരണം. കൃഷ്പുരം ഞക്കനാല്‍ സ്വദേശിയായ 17 കാരനാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ അമ്മയുടെ മുന്‍പില്‍ വച്ച് വെട്ടേറ്റത്.

ഇയാളുടെ സഹോദരനെ അന്വേഷിച്ച് വീട്ടിലെത്തിയ സംഘമാണ് വെട്ടിയത്. തങ്ങളുടെ കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസിന് കൈമാറിയെന്ന സംശയത്തിലാണ് ആക്രമിക്കാനത്തിയത്. ആദ്യം സംഘമെത്തിയപ്പോള്‍ ഇയാള്‍ വീട്ടിലില്ലായിരുന്നു. മടങ്ങിപ്പോയ സംഘം വീണ്ടും യുവാവിനെ അന്വേഷിച്ചെത്തി. യുവാവ് എത്തിയില്ലെന്ന് അമ്മ പറഞ്ഞെങ്കിലും ഇതു വകവയ്ക്കാതെ സംഘം കതകു തള്ളിത്തുറന്ന് വീട്ടിനള്ളിലേക്ക് കയറുകയായിരുന്നു.

തടയാന്‍ ശ്രമിച്ച അമ്മയെ ഇവര്‍ തള്ളിയിട്ടു. തുടര്‍ന്നാണ് ഈ സമയം വീട്ടിലുണ്ടായിരുന്ന 17കാരനെ വെട്ടിയത്. വടിവാള്‍ കൊണ്ടുള്ള വെട്ടില്‍ കൈകള്‍ക്കും കാലിനുമായി നാല് വെട്ടേറ്റു. അക്രമിസംഘത്തില്‍ പ്പെട്ട ചിലരെ തിരിച്ചറിയാമെന്നും വിദ്യാര്‍ഥി പറയുന്നു. വെട്ടിയ ശേഷം അക്രമികള്‍ സ്ഥലം വിട്ടു. പരിക്കേറ്റ വിദ്യാര്‍ഥിയെ താലൂക്കാശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. ഇയാളുടെ സഹോദരന്‍ പല കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു. ആക്രമിക്കാന്‍ വന്നവര്‍ കഞ്ചാവ് മാഫിയ സംഘത്തില്‍ ഉള്‍പ്പെട്ടവരാണെന്ന് പൊലീസ് വ്യക്തമാക്കി.