കോടികളുടെ സര്‍ക്കാര്‍ സാമഗ്രികള്‍ സ്വകാര്യ ഭൂമിയില്‍ നശിക്കുന്നു, വീടു നിര്‍മിക്കാനാകാതെ സ്ഥലമുടമ വെട്ടില്‍
ബംഗളൂരു ആസ്ഥാനമായ കമ്പനി കരാർ പ്രകാരം വാടകയിനത്തിൽ നൽകാനുള്ളത് ഏഴര ലക്ഷത്തിലധികം രൂപ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗ്രാമീണ മേഖലയിൽ ജപ്പാൻ കുടി വെള്ള പദ്ധതിക്കായി എത്തിച്ച കോടികൾ വിലയുള്ള പൈപ്പുകളും യന്ത്ര സാമഗ്രികളും സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ മഴയും വെയിലുമേറ്റ് നശിക്കുന്നു. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ഇവ സൂക്ഷിക്കാൻ വിളവൂർക്കൽ ഈഴക്കോട് മാമൂട്ടുവിള അശ്വതി ഭവനിൽ എൻ.പി.മോഹനന്‍റെ ഈഴക്കോട് മാമൂട്ടുവിളയിലുള്ള 7 സെന്‍റ് സ്ഥലം കരാർ പ്രകാരം 11 മാസത്തെ കാലാവധി വച്ചു മാസം 10000 രൂപ വാടകയ്ക്ക് 2016 സെപ്റ്റംബർ ഒന്നിന് ഏറ്റെടുത്തു. എന്നാല്‍, ഏഴ് വർഷം കഴിഞ്ഞിട്ടും സാധനങ്ങൾ മാറ്റാനോ വാടക നൽകാനോ പോലും സ്ഥലം ഏറ്റെടുത്ത കരാറുകാരൻ ബാംഗ്ലൂർ രാജാജി നഗറിൽ എൻ. ചന്ദ്രശേഖരൻ (എസ്.എൻ.ടെക്നോളജി) തയ്യാറാകുന്നില്ല എന്നും ഇപ്പോൾ ഈ ഭൂമിയിൽ തനിക്ക് മറ്റൊന്നും ചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്നും മോഹനൻ പരാതി പറയുന്നു.
വീട് നിർമ്മിക്കാനാണ് മോഹനൻ മാമുട്ട് വിളയിൽ സ്ഥലം വാങ്ങിയത്. എന്നാൽ, കൂറ്റൻ പൈപ്പ് ജോയിൻറുകളും, ആറോളം ഫ്ലോ മീറ്റർ യന്ത്രങ്ങളും ഉൾപ്പടെ ഇവിടെ നിന്നും മാറ്റാതെ വീട് നിർമ്മിക്കാനാകില്ല എന്ന സ്ഥിതിയാണ്. ആറ് മാസത്തേക്ക് മാത്രം മതിയെന്ന കരാറുകാരന്‍റെ വാക്ക് മുഖവിലയ്ക്കെടുത്ത് കരാർ വ്യവസ്ഥ പ്രകാരം 11 മാസത്തേക്ക് എഴുതിയത്. പൈപ്പുകൾ ഇവിടെ എത്തിച്ചു മൂന്ന് മാസം വരെയും അധികൃതരെ കുറിച്ച് ഒരു അറിവും ഉണ്ടായില്ല. പിന്നീട് മോഹനന് കരാറുകാരനെ പലപ്പോഴായി ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഉടൻ എത്തുമെന്ന മറുപടി മാത്രമാണ് ഇപ്പോൾ ബംഗളൂരുവിൽ ഉള്ള കരാറുകാരൻ പറയുന്നത്.
മാസങ്ങൾക്ക്ശേഷം വീണ്ടും ഫോൺ ചെയ്തപ്പോൾ വിളിച്ച ഫോൺ നമ്പർ നിലവിലില്ലെന്ന മറുപടി കിട്ടിയതിടെയാണ് മോഹനൻ താൻ വെട്ടിലായതെന്ന് ബോദ്ധ്യപ്പെട്ടത്. വാടകയുമില്ല, സ്വന്തം സ്ഥലം മോഹനന് ഒരു ആവശ്യത്തിനും ഉപയോഗിക്കാൻ പറ്റാതെ ആകുകയും ചെയ്തു ഇപ്പൊൾ കാടുകയറിയ ഇഴജന്തുക്കൾ കൂടെ വസിക്കുന്ന ഇടമായി മാറിയിരിക്കുന്നു. സർക്കാർ പദ്ധതിക്കുള്ളതായതിനാൽ സാധനങ്ങൾ ഇന്നിയിപ്പോൾ മോഷണം പോകാതെ നേക്കേണ്ട ബാദ്ധ്യതയും മോഹനന്റെ തലയിലാണ്. കുടിവെള്ള പദ്ധതിയായതിനാലാണ് മറ്റാരും സ്ഥലം നൽകാത്ത ഘട്ടത്തിൽ സ്വന്തം പുരയിടം മോഹനൻ വിട്ടു നൽകിയത്. പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കരാർ രേഖയുമായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഈ ഗൃഹനാഥൻ.