കോഴിക്കോട്:  താമരശേരി കോരങ്ങാട് റഹ്മത്ത് മസ്ജിദിന് സമീപം താമസിക്കുന്ന അബൂബക്കർ സിദ്ദീഖിന്‍റെ ഇരുപതിനായിരത്തിൽ അധികം രൂപ വിലയുള്ള വളർത്ത് പൂച്ചയെ കാണാതായത് കഴിഞ്ഞ ഒന്നാം തിയ്യതിയാണ്. പല വഴിക്ക് അന്വേഷിച്ചെങ്കിലും പൂച്ചയെ കണ്ടെത്താന്‍ സിദ്ദീഖിന് കഴിഞ്ഞിരുന്നില്ല. 

ഇന്നലെ പുലർച്ചെ സിദ്ദീഖിന്‍റെ അയൽവാസിയുടെ വീടിന് സമീപത്തായി പൂച്ചയെ കണ്ടെത്തി. ദേഹമാസകലം പൊള്ളലേറ്റ് ദേഹത്തും വായിലും പുഴുവരിച്ച നിലയിലായിരുന്നു പൂച്ച. അയല്‍വാസി രാവിലെ തന്നെ പൂച്ചയെ സിദ്ദീഖിനെ ഏൽപ്പിക്കുകയായിരുന്നു. ഉടനെ തന്നെ വയനാട് പൂക്കോട് വൈറ്റനറി കോളേജിൽ എത്തിച്ച് പൂച്ചയ്ക്ക് ചികിത്സ നൽകിയെങ്കിലും വൈകുന്നേരത്തോടെ ചത്തു.

തിളച്ച വെള്ളമോ, രാസലായനിയോ ദേഹത്ത് ഒഴിച്ചതിനാലാവാം ഈ രൂപത്തിൽ പൊള്ളലേറ്റതെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതേ തുടർന്ന് സിദ്ദീഖ്, താമരശ്ശേരി പൊലിസിൽ പരാതി നൽകി. പുച്ചയേയും, വളർത്തുമൃഗങ്ങളേയും പരിപാലിക്കുന്നത് വിനോദമാക്കിയ അബൂബക്കർ സിദ്ദീഖിന് ഇവയുടെ വിൽപ്പനയുമുണ്ട്. തന്നോടുള്ള വ്യക്തി വൈരാഗ്യം തീർക്കാൻ ആരോ മനഃപൂർവ്വം ചെയ്തതാണിതെന്ന് സിദ്ദീഖ് പറഞ്ഞു. വീട്ടിലെ കിണറിലെ മത്സ്യങ്ങളും ചത്തുപൊങ്ങിയതായി ഇന്നലെ രാവിലെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് പൂച്ചയുടെ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം പൊലീസ് തുടർനടപടി സ്വീകരിക്കും.